വിപിൻകുമാർ റസ്‌തോജി
കൊച്ചി: സ്‌കൂൾ പരിസരത്തും വഴിയോരത്തും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ബ്രൗൺ ഷുഗറുമായി പിടിയിൽ. ബറേലിയിൽ നിന്നുള്ള വിപിൻകുമാർ റസ്‌തോജി (മിങ്കു ഭായ്-70) യാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
പരിശോധനയിൽ 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. തേവര ഡീവർ റോഡിനു സമീപം കസ്തൂർബാ നഗറിൽ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന ഇയാളുടെ അടുത്തേക്ക് യുവതീ യുവാക്കൾ ധാരാളമായി വന്നുപോകുന്ന വിവരം സിറ്റി മെട്രോ ഷാഡോ സംഘത്തിനും എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനും ലഭിച്ചിരുന്നു.
എക്‌സൈസ് സംഘം വേഷം മാറിയെത്തി ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട എക്‌സൈസ് ടീമിനോട് മയക്കു മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഉപയോഗക്രമവും പറഞ്ഞുകൊടുത്തു.
എക്‌സൈസ് സംഘമാണെന്ന് മനസ്സിലാക്കിയതോടെ ഇയാൾ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇയാളുടെ താമസസ്ഥലത്തുനിന്ന് ബ്രൗൺഷുഗർ കണ്ടെടുത്തു. മില്ലിഗ്രാം മാത്രം തൂക്കം വരുന്ന പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് ഇയാൾ പറഞ്ഞു.
എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. െജയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Content Highlights: up man arrested for selling drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..