മധു എന്ന ബാലൻ
തിരുവനന്തപുരം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. ചിറയിന്‍കീഴ് അക്കോട്ടുവിള ചരുവിള പുത്തന്‍വീട്ടില്‍ മധു എന്ന ബാലന്‍ (48) ആണ് പ്രതി. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. നിഷ്‌കളങ്കമായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
2020-ല്‍ കുട്ടി അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. റബ്ബര്‍ തോട്ടത്തില്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രണ്ടുതവണ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങിനല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. കുട്ടിയെ പല മുതിര്‍ന്നവരും വന്ന് വിളിച്ചുകൊണ്ടുപോകുന്നതും വീട്ടുകാര്‍ക്ക് സംശയമുണ്ടാക്കി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്.
തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. മദ്യവും മയക്കുമരുന്നും ഭക്ഷണവും നല്‍കി പലരും പീഡിപ്പിച്ചതായി കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് കേസുകള്‍ കൂടിയെടുത്ത് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് കേസുകളും വിചാരണയിലാണ്. സംഭവത്തിനുശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ പതിനാറ് സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നല്‍ക്കണം. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി. മുകേഷാണ് കേസന്വേഷിച്ചത്.
Content Highlights: unnatural torture, tvm, minor torture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..