ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ ജയിലിൽനിന്ന് കൊണ്ടുപോകുന്നു (File) | ഫോട്ടോ: പി.ടി.ഐ.
ലഖ്‌നൗ: കൊലക്കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി.യുമായ ആതിഖ് അഹമ്മദ് അടക്കമുള്ള മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കേസില്‍ ആതിഖിന്റെ സഹോദരന്‍ ഖാലിദ് അസീം ഉള്‍പ്പെടെയുള്ള ഏഴുപ്രതികളെ കോടതി വെറുതെവിട്ടു. പ്രയാഗ് രാജിലെ കോടതിയാണ് കേസില്‍ ചൊവ്വാഴ്ച വിധി പറഞ്ഞത്.
2005-ല്‍ ബി.എസ്.പി. എം.എല്‍.എ.യായ രാജുപാലിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ചൊവ്വാഴ്ച കോടതി വിധി പ്രസ്താവിച്ചത്. 2006-ലായിരുന്നു കേസിനാസ്പദമായ സംഭവം.
ആതിഖ് അഹമ്മദ് അടക്കമുള്ളവരായിരുന്നു രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍. ഈ കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. എന്നാല്‍ പോലീസിന് നല്‍കിയ മൊഴി തിരുത്താന്‍ വിസമ്മതിച്ചതിനാല്‍ 2006-ല്‍ ഉമേഷ് പാലിനെ ആതിഖ് അടക്കമുള്ളവര്‍ തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
രാജുപാല്‍ കൊലക്കേസില്‍ സാക്ഷിയായിരുന്ന ഉമേഷ് പാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിലും ആതിഖിന് പങ്കുണ്ടെന്നും ജയിലില്‍നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആതിഖ് അഹമ്മദിനെ കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് പ്രയാഗ് രാജിലെ ജയിലില്‍ എത്തിച്ചത്. മുഴുവന്‍സമയ നിരീക്ഷണം ഉള്‍പ്പെടെ വന്‍സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ് രാജിലെ ജയിലില്‍ ഒരുക്കിയിരുന്നത്. അതേസമയം, യു.പി. പോലീസ് തന്നെ കൊണ്ടുപോകുന്നത് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താനാണെന്ന് ആതിഖ് അഹമ്മദ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
Content Highlights: umesh pal kidnapping case atiq ahmed and two others get life imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..