പ്രതീകാത്മക ചിത്രം | AP
യുക്രൈനെതിരേ സൈനിക നടപടികള്‍ ആരംഭിച്ചതിനൊപ്പം സൈബര്‍ ആക്രമണവും കടുപ്പിക്കുകയാണ് റഷ്യ. കഴിഞ്ഞദിവസം മുതല്‍ യുക്രൈനിലെ പല സര്‍ക്കാര്‍ വെബ്സൈറ്റുകളും ബാങ്കുകളുടെ കമ്പ്യൂട്ടര്‍ സംവിധാനവും റഷ്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണത്തില്‍ യുക്രൈനിലെ ഒട്ടേറെ വെബ്സൈറ്റുകളാണ് തകരാറിലായത്.
കാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍, വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങിയവയാണ് സൈബര്‍ ആക്രമണത്തില്‍ തകരാറിലായത്. യുക്രൈനില്‍ വ്യാപകമായുണ്ടായ സൈബര്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് നേരെയാണ് വിദഗ്ധരെല്ലാം വിരല്‍ചൂണ്ടുന്നത്.
ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലെ എല്ലാ വിവരങ്ങളും മായ്ച്ചുകളയുന്ന 'വൈപ്പര്‍' മാല്‍വെയറുകളുടെ ഉപയോഗമാണ് ഇതില്‍ ഏറെ ആശങ്കപ്പെടുത്തുന്നത്. ഒരു കമ്പ്യൂട്ടറില്‍ പ്രവേശിച്ചാല്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം എല്ലാവിധ വിവരങ്ങളും മായ്ച്ചുകളയാന്‍ ശേഷിയുള്ളവയാണ് ഈ മാല്‍വെയര്‍.
യുക്രൈന് നേരേ സൈബര്‍ ആക്രമണം നടത്താനായി രണ്ടുമാസം മുമ്പ് റഷ്യന്‍ ഹാക്കര്‍മാര്‍ ഇത്തരമൊരു മാല്‍വെയര്‍ വികസിപ്പിച്ചതായും കഴിഞ്ഞദിവസം മുതല്‍ യുക്രൈനിലെ പല കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലും ഈ മാല്‍വെയറുകള്‍ കണ്ടെത്തിയതായും സൈബര്‍ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ ഈ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനും സമയമെടുത്തേക്കും. ഈ സാഹചര്യം റഷ്യന്‍ ഹാക്കര്‍മാര്‍ പരമാവധി ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് വിവരം. വിവിധ മന്ത്രാലയങ്ങളിലെയും വന്‍കിട സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് വൈപ്പര്‍ മാല്‍വെയര്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
പണം തട്ടിയെടുക്കലും ഭീഷണിപ്പെടുത്തലും ലക്ഷ്യമിട്ട് നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കൊന്നും വൈപ്പര്‍ മാല്‍വെയറുകള്‍ സാധാരണയായി ഉപയോഗിക്കാറില്ല. എല്ലാവിവരങ്ങളും യാതൊരു തെളിവുകളുമില്ലാതെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതുമാത്രമാണ് വൈപ്പര്‍ മാല്‍വെയറുകളുടെ ലക്ഷ്യം. അതിനാലാണ് യുദ്ധം നടക്കുന്ന വേളയില്‍ രാജ്യങ്ങള്‍ വൈപ്പര്‍ മാല്‍വെയറുകള്‍ ഉപയോഗിക്കുന്നത്.
Content Highlights: Ukraine russia war russia may be using wiper malware to attack ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..