കൊല്ലപ്പെട്ട കനയ്യലാൽ(ഇടത്ത്) അറസ്റ്റിലായ പ്രതികൾ | Photo: Twitter/ANI
ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വസ്ത്രം തയ്ക്കാനെന്ന വ്യാജേനയാണ് പ്രതികളായ രണ്ടുപേരും കനയ്യലാലിന്റെ കടയിലെത്തിയത്. തുടര്‍ന്ന് കനയ്യലാല്‍ പ്രതികളിലൊരാളുടെ അളവുകള്‍ എടുത്തു. രണ്ടാമന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളിലൊരാള്‍ കനയ്യലാലിനെ ആക്രമിച്ചത്. കത്തി കൊണ്ട് ഇയാള്‍ കനയ്യലാലിന്റെ കഴുത്തറുക്കുകയായിരുന്നു. രണ്ടാമന് ഈ ദൃശ്യങ്ങളെല്ലാം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തയ്യല്‍ക്കാരനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു.
ഉദയ്പുരിലെ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരെയും കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരാണ് അറസ്റ്റിലായത്. സംഭവം ഭീകരാക്രമണമായാണ് കേന്ദ്രം വിലയിരുത്തുന്നത്. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ സംഘവും ഉദയ്പുരില്‍ എത്തിയിട്ടുണ്ട്.
പ്രവാചകനെതിരേ വിവാദപരാമര്‍ശം നടത്തിയ മുന്‍ ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്. നേരത്തെ നൂപൂര്‍ ശര്‍മയെ സാമൂഹികമാധ്യമങ്ങളിലൂടെ പിന്തുണച്ചതിന്റെ പേരില്‍ കനയ്യലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 15-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയതിന് ശേഷം തനിക്ക് നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി കനയ്യലാല്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം. അതേസമയം, കനയ്യലാലിന്റെ പരാതിയില്‍ ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നം പരിഹരിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം.
അതിനിടെ, കനയ്യലാലിന്റെ പരാതിയില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന കാരണത്താല്‍ ഉദയ്പുര്‍ ധന്മണ്ഡി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പോലീസുകാരനെതിരായ നടപടി.
ഉദയ്പുരിലെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പുരില്‍ മാത്രം അറുനൂറിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..