ഇരട്ടക്കൊല: കര്‍ണാടകയിലേക്ക് കടന്ന് പ്രതികള്‍, ഒളിയിടംതേടി വീണ്ടും കണ്ണൂരില്‍, നാടകീയമായി അറസ്റ്റ്


ഓട്ടോറിക്ഷയിൽ പിണറായിലേക്ക് പ്രതികൾ രക്ഷപ്പെട്ടത് കണ്ടെത്തിയത് 50-ലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച ശേഷമായിരുന്നു. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിണറായി-ചിറക്കരയിൽനിന്ന് ഓട്ടോറിക്ഷ കണ്ടെത്തിയതോടെ അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ തെളിഞ്ഞു. തുടർന്നായിരുന്നു ഇരിട്ടിയിൽ പ്രതികളുടെ നാടകീയമായ അറസ്റ്റ്.

• തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുന്നു, ഇൻസൈറ്റിൽ അറസ്റ്റിലായ പാറായി ബാബു, ജാക്സൺ വിൻസന്റ്, എൻ.സുജിത്ത് കുമാർ, അരുൺ കുമാർ, ഇ.കെ.സന്ദീപ്, കെ.നവീൻ, മുഹമ്മദ് ഫർഹാൻ

തലശ്ശേരി: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ പോലീസിന്റെ പ്രവർത്തനം പഴുതുകളടച്ചു തന്നെയായിരുന്നു. പ്രതികൾ 24 മണിക്കൂറിനിടയിൽ പിടിയിലായതും പോലീസിന്റെ സമർഥമായ ഇടപെടലിൽത്തന്നെ. തലശ്ശേരി എ.സി.പി. പി.നിധിൻരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതികൾക്കായുള്ള കെണിയൊരുക്കിയത്.

സംഭവം നടന്ന ബുധനാഴ്ച തന്നെ പ്രതികൾ ഒളിവിൽ പോകാൻ ഇടയുള്ള മംഗളൂരു, മൈസൂരു, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രികരിച്ച് രൂപരേഖ തയ്യാറാക്കി. പിന്നീട് തലശ്ശേരി, ധർമടം, കൂത്തുപറമ്പ്, കതിരൂർ, ന്യൂ മാഹി, പിണറായി ഉൾപ്പെടെ നാല് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആറ് സ്ക്വാഡുകൾ രൂപവത്‌കരിച്ച്‌ ചുമതലകൾ വിഭജിച്ചുനൽകി. ബുധനാഴ്ച രാത്രി കർണാടകയിലേക്ക് പ്രതികളെത്തിയപ്പോഴേക്കും പോലീസും പിറകെയെത്തി. തലനാരിഴയ്ക്കാണ് പ്രധാന പ്രതി പാറായി ബാബു ഉൾപ്പെടെ നാലുപേരും രക്ഷപ്പെട്ടത്. സുരക്ഷിത താവളം തേടി കേരളത്തിലേക്ക് മടങ്ങിയ ഇവരുടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് ജാഗ്രതാനിർദേശം സംസ്ഥാനത്തെ സ്റ്റേഷനുകളിലെത്തി. ഓട്ടോറിക്ഷയിൽ പിണറായിലേക്ക് പ്രതികൾ രക്ഷപ്പെട്ടത് കണ്ടെത്തിയത് 50-ലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച ശേഷമായിരുന്നു. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിണറായി-ചിറക്കരയിൽനിന്ന് ഓട്ടോറിക്ഷ കണ്ടെത്തിയതോടെ അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ തെളിഞ്ഞു. തുടർന്നായിരുന്നു ഇരിട്ടിയിൽ പ്രതികളുടെ നാടകീയമായ അറസ്റ്റ്.പിണറായിയിൽ ഒളിപ്പിച്ച ഓട്ടോറിക്ഷയിൽ രക്തക്കറ

പിണറായി: കമ്പൗണ്ടർഷോപ്പ്-ചിറക്കരയിൽ പുതുക്കുടി കുളത്തിന് സമീപത്ത് ഇരട്ടക്കൊലയിലെ മുഖ്യപ്രതി പാറായി ബാബുവിന്റെ ഓട്ടോറിക്ഷ ഒളിപ്പിച്ചത് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ. താക്കോൽ ഉൾപ്പെടെ ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചാണ് പ്രതികൾ കർണാടകത്തിലേക്ക് കടന്നത്. ഫൊറൻസിക്‌ വിദഗ്ധരെത്തി ഓട്ടോറിക്ഷയുടെ നിലത്ത് വിരിച്ച റബ്ബർഷീറ്റിലും സീറ്റിലും ഉൾപ്പെടെയുണ്ടായ രക്തക്കറയുടെ സാമ്പിളുകൾ ശേഖരിച്ചു. സംഭവം നടന്ന തലശ്ശേരി സഹകരണ ആസ്പത്രി പരിസരത്തുനിന്നും സംഘം തെളിവുകൾ ശേഖരിച്ചു. സയൻറിഫിക് ഓഫീസർ ടി.അഞ്ജിത, വിരലടയാള വിദഗ്ധൻ യു.പ്രവീൺദാസ്, സി.ഐ. എം.അനിൽ, തലശ്ശേരി എസ്.ഐ. എം.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

തലശ്ശേരി ഇരട്ടക്കൊല; ഏഴുപേർ അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു ഉൾപ്പെടെ നാലുപേർകൂടി പോലീസ് പിടിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇരിട്ടിയിൽവെച്ചാണ് മുഖ്യപ്രതി പാറായി ബാബു എന്ന സുരേഷ്‌ ബാബു (47), വടക്കുമ്പാട് കൂളിബസാറിലെ അരുൺകുമാർ എന്ന അരൂട്ടി (38), പിണറായി സ്വദേശികളായ ഇ.കെ.സന്ദീപ് (38), എൻ.സുജിത്ത് കുമാർ (45) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ജാക്സൺ വിൻസന്റ്, കെ.നവീൻ, മുഹമ്മദ് ഫർഹാൻ (21) എന്നിവരെ ബുധനാഴ്ച രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രി പാറായി ബാബുവിന്റെ ഓട്ടോറിക്ഷയിൽ പിണറായി-ചിറക്കരയിലെത്തിയ സംഘം സന്ദീപിന്റെ വീട്ടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഉപേക്ഷിച്ച ശേഷം അരുൺകുമാറിന്റെ കാറിൽ കർണാടകയിലെ മടിക്കേരിയിലേക്ക് കടന്നു. പോലീസ് മടിക്കേരിയിലെത്തിയ വിവരം മനസ്സിലാക്കിയതോടെ നാലു പ്രതികളും മുങ്ങി. തിരികെ കേരളത്തിലേക്ക് മടങ്ങുമ്പോൾ ഇരിട്ടിയിൽ കാറ് തടഞ്ഞായിരുന്നു അറസ്റ്റ്.

ലഹരിമാഫിയാസംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു രണ്ട്‌ സി.പി.എം. പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്‌. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ.ഖാലിദ് (52), സഹോദരീഭർത്താവും സി.പി.എം. നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീർ (40) എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ട ഷമീർ, ഖാലിദ്‌

ലഹരിയും ക്വട്ടേഷനും ഉൾപ്പെടെ അന്വേഷിക്കും -കമ്മിഷണർ

: അഞ്ചുപേർ സംഭവത്തിൽ നേരിട്ട് പെങ്കടുത്തവരെന്നും രണ്ടുപേർ ഒളിവിൽ കഴിയാൻ സഹായമൊരുക്കിയെന്നും കമ്മിഷണർ അജിത്ത്കുമാർ. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിൽ ലഹരി ഉപയോഗവും വിനിമയവും ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂ. മുഖ്യപ്രതിക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പാറായി ബാബു ഉണ്ടോ എന്നകാര്യം കൂടുതൽ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ. സംഘത്തിന്റെ പേരിൽ ഉയർത്തിട്ടുള്ള ലഹരി, ക്വട്ടേഷൻ ഇടപാടുകൾ എല്ലാം സമഗ്രമായി അന്വേഷിക്കുമെന്നും കമ്മിഷണർ അജിത്ത്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എ.സി.പി.മാരായ പി. നിധിൻരാജ്, കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ, കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ എം. അനിൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കർശന നിയമനടപടിഉണ്ടാകും-മുഖ്യമന്ത്രി

കണ്ണൂർ: തലശ്ശേരിയിൽ ലഹരിമാഫിയാസംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികളുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പോലീസ്-എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരിവില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യംചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരിമാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണം. ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമൂഹത്തിലാകെ ഉയർന്നു വരണം -മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

കൊലപാതകത്തിനുപിന്നിൽ സി.പി.എമ്മിലെ ക്രിമിനലുകൾ -മാർട്ടിൻ ജോർജ്

തലശ്ശേരി: തലശ്ശേരിയിൽ രണ്ടുപേരെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സി.പി.എമ്മിലെ ക്രിമിനലുകളാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം. ഭരണത്തിൽ പോലീസിനെ നോക്കുകുത്തിയാക്കി ലഹരിമാഫിയ സംഘം തഴച്ചുവളരുന്നതിന്റെ തെളിവാണ് തലശ്ശേരി സംഭവം. ഈ സംഘം സി.പി.എമ്മിന്റെ പരിശീലനം ലഭിച്ച കൊലയാളികളാണ്. സി.പി.എം. ലഹരിമാഫിയാ കൂട്ടുകെട്ടിനെതിരേ ജനകീയ പ്രതിഷേധം കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരും. ഇതിന്റെഭാഗമായി ജനകീയ കൂട്ടായ്മ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.

പാറായി ബാബു ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിലെ പ്രതി

കണ്ണൂർ: തലശ്ശേരിയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി പാറായി ബാബു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി പറഞ്ഞു. 2013 ഒക്ടോബർ 27-ന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ്‌ പരിക്കേൽപ്പിച്ച കേസിലെ പ്രതിയായി ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

പിന്നിൽ ലഹരി മാഫിയാ സംഘം -എം.വി. ജയരാജൻ

കണ്ണൂർ: തലശ്ശേരിയിലെ ചിറമ്മൽ കെ. ഖാലിദിനെയും പി. ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരിമാഫിയാ സംഘമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.

എൽ.ഡി.എഫ്. സർക്കാർ ലഹരിവിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോൾ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സഹകരിച്ചു. എന്നാൽ, ലഹരിമാഫിയാ സംഘത്തിനെതിരേ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാൻ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണ്. അതാണ് തലശ്ശേരിയിൽ കണ്ടത്. ലഹരിവില്പനയിൽ ഏർപ്പെട്ട ഒരു ഡസനിലേറെ പേർ കൊലയാളി സംഘത്തിലുണ്ട്. കൊലയാളികളെയും അവരെ സഹായിച്ചവരെയും എത്രയും പെട്ടെന്ന് പോലീസ് പിടികൂടണം -ജയരാജൻ പറഞ്ഞു.

• തലശ്ശേരി സഹകരണ ആസ്പത്രിയിൽനിന്ന് ഖാലിദിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റുന്നു

സി.പി.എമ്മിലെ ലഹരിസംഘങ്ങൾ -ബി.ജെ.പി.

കണ്ണൂർ: തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മിലെ മയക്കുമരുന്ന് ലഹരിമാഫിയാ സംഘങ്ങളെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എൻ.ഹരിദാസ്. കൊല്ലപ്പെട്ടവരും, കൊന്നവരും സി.പി.എമ്മിലെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടവരാണിവർ. കൊലപാതകത്തിനുപിന്നിലെ ലഹരിമാഫിയ സംഘങ്ങളെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം -എൻ.ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Content Highlights: Two stabbed to death in Kannur, 7 arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented