യോഗലക്ഷ്മി, പാപ്പ
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടുപേര്‍കൂടി ജീവനൊടുക്കിയതോടെ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനികളുടെ എണ്ണം അഞ്ചായി. വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അയ്യംപാടി കണ്ണന്റെ മകള്‍ യോഗലക്ഷ്മി(17), ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി തിരുനെല്‍വേലി കളക്കാട് രാജലിംഗപുരത്ത് മുത്തുകുമരന്റെ മകള്‍ പാപ്പ(18) എന്നിവരാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്.
കൂലിത്തൊഴിലാളിയായ അച്ഛന് തന്റെ വിദ്യാഭ്യാസച്ചെലവ് താങ്ങാന്‍ സാധിക്കില്ലെന്ന ദുഃഖത്തിലാണ് സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിനിയായ പാപ്പ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. പാപ്പയുടെ കോളേജ് ഫീസില്‍ ആദ്യ ഗഡുവായി 12,000 രൂപ കഴിഞ്ഞിടയ്ക്ക് അടച്ചിരുന്നു. ഇതോടെ വീട്ടുചെലവിന് പണമില്ലാത്ത സ്ഥിതിയായി. ഇതില്‍ ഏറെ ദുഃഖിതയായിരുന്ന പാപ്പ ചൊവ്വാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയം തൂങ്ങി മരിക്കുകയായിരുന്നു.
ശിവകാശിയില്‍ പടക്ക നിര്‍മാണകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കണ്ണന്റെ മകള്‍ യോഗലക്ഷ്മി കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നെത്തിയതിനുശേഷം വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കണ്ണനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇരുസംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂലായ് 13-ന് കള്ളക്കുറിച്ചിയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തിരുവള്ളൂര്‍, കടലൂര്‍ ജില്ലയിലെ വിരുദാചലത്തും പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും രണ്ട് വിദ്യാര്‍ഥിനികള്‍ കൂടി ജീവനൊടുക്കിയത്. ഇതുകൂടാതെ കഴിഞ്ഞ ദിവസം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ കോേളജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..