പ്രതീകാത്മക ചിത്രം | PTI
ന്യൂഡല്‍ഹി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ മൈക്രോവേവ് ഓവനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് ദില്ലിയില്‍ താമസിക്കുന്ന ഗുല്‍ഷാന്‍ കൗഷിക്-ഡിംപിള്‍ കൗഷിക് ദമ്പതിമാരുടെ മകള്‍ അനന്യയെയാണ് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ അമ്മയായ ഡിംപിള്‍ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍(സൗത്ത്) ബെനീറ്റ മേരി ജയ്കര് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ വീട്ടിലെ മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഡിംപിള്‍ വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടിരുന്നു. സംഭവസമയം ഡിംപിളും നാലുവയസ്സുള്ള മകനും രണ്ട് മാസം പ്രായമുള്ള മകളും മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്. ഡിംപിള്‍ വാതില്‍ പൂട്ടിയിട്ടതോടെ ഭര്‍തൃമാതാവ് ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ ചില്ലുകള്‍ തകര്‍ത്താണ് വീടിനകത്തേക്ക് കയറിയത്.
വീടിനകത്ത് പരിശോധിച്ചപ്പോള്‍ യുവതിയും നാലുവയസ്സുള്ള മകനും അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ രണ്ടുമാസം പ്രായമുള്ള മകളെ മാത്രം മുറിയില്‍ കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ എല്ലായിടത്തും തിരച്ചില്‍ നടത്തി. ഇതിനിടെയാണ് രണ്ടാംനിലയിലെ മുറിയിലുണ്ടായിരുന്ന മൈക്രോവേവ് ഓവനുള്ളില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡിംപിളിന്റെ ഭര്‍ത്താവ് ഗുല്‍ഷന്‍ സമീപപ്രദേശത്ത് തന്നെ വ്യാപാരസ്ഥാപനം നടത്തിവരികയാണ്. സംഭവസമയത്ത് ഇദ്ദേഹം കടയിലായിരുന്നു.
രണ്ടുമാസം പ്രായമുള്ള മകളെ ഡിംപിള്‍ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞായതിനാല്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. ജനുവരിയിലായിരുന്നു അനന്യയുടെ ജനനം. അന്നുമുതല്‍ ഡിംപിള്‍ പലവിധത്തിലുമുള്ള അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നതായാണ് വീട്ടുകാരുടെ മൊഴി. കുഞ്ഞിനെച്ചൊല്ലി ഭര്‍ത്താവിനോട് വഴക്കിടുന്നതും പതിവായിരുന്നു. ഇതെല്ലാമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് സംശയിക്കാനുള്ള കാരണം. എന്നാല്‍ പോലീസ് ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Content Highlights: two month old girl found dead inside of microwave oven police suspects mother killed her
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..