അറസ്റ്റിലായ രണ്ടു പ്രതികളുമായി പോലീസ്
സേലം: ധര്‍മപുരി നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയില്‍ എറണാകുളം വരാപ്പുഴ വലിയ വീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന് ക്രൂസ് (58) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നാല് തമിഴ്നാട് സ്വദേശികള്‍ കീഴടങ്ങിയതിന് പുറമേ ശനിയാഴ്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈറോഡ് ഗോപിച്ചെട്ടിപാളയം വെങ്കിടാചല പെട്ടയിലെ രഘു (42), സേലം സെവ്വാപ്പേട്ട അയ്യര്‍തെരുവില്‍ ജോസഫ് (22), സേലം പല്ലപ്പട്ടി ആദിദ്രാവിഡര്‍ തെരുവില്‍ സുരേന് ബാബു (34), സേലം കാടയാംപട്ടി വിഷ്ണു വര്ധന് (24) എന്നിവര്‍ കഴിഞ്ഞദിവസം തെങ്കാശിയിലെ ചെങ്കോട്ട ജില്ലാകോടതിയില്‍ കീഴടങ്ങി. ഇവരുടെ കൂട്ടാളികളായ സേലം സ്വദേശികള്‍ പ്രഭാകരന്, ലക്ഷ്മണന് എന്ന അബു എന്നിവരെ ശനിയാഴ്ച ധര്‍മപുരി പൊലീസ് അറസ്റ്റ് ചെയ്തു. ഈ രണ്ടുപേരും ശിവകുമാര്‍, നെവിന് എന്നിവരെ സേലത്തെ ലോഡ്ജിലെത്തി കണ്ടിരുന്നതായി പോലീസിന് തെളിവുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ ഇനിയും കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ആറുപ്രതികളെയും ധര്‍മപുരി ജയിലില്‍ റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുതന്നെയാണെന്നാണ് സൂചന.
ഭൂതനഹള്ളിയില്‍ വനമേഖലയിലുള്ള ക്രഷര്‍യൂണിറ്റിന് സമീപം ശിവകുമാര്‍, നെവിന് എന്നിവരെ ജൂലായ് 19 നാണ് മരിച്ചനിലയില്‍ കാണുന്നത്. ഇവരുടെ മൊബൈല്‍ഫോണും താമസിച്ച സേലത്തെ ലോഡ്ജും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ കിട്ടിയത്.
ശനിയാഴ്ച അറസ്റ്റിലായ പ്രഭാകരന്, ലക്ഷ്മണന് എന്നിവരുമായാണ് സേലത്ത് ശിവകുമാറും നെവിനും ബന്ധമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ അറസ്റ്റ് നടന്നതോടെ കേസില്‍ കൂടുതല്‍വിവരങ്ങള്‍ ഉടന്‍ ലഭിക്കും.
അന്വേഷണത്തിന് മൂന്ന് സംഘം; കൂടുതല്‍ പ്രതികള്‍ക്ക് പങ്ക്
സേലം: കേസില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ ആറുപേര്‍ക്ക് പുറമേ മറ്റുചിലരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് അറിയുന്നത്.
ധര്‍മപുരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളാണ് കേസ് അന്വേഷിക്കുന്നത്. സി.സി.ടി.വി. ക്യാമറദൃശ്യങ്ങള്‍, കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍, ആധാര്‍കാര്‍ഡ് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇരുവരും സഞ്ചരിച്ച സ്ഥലങ്ങള്‍, കൂടിക്കാഴ്ച നടത്തിയവര്‍ എന്നിവയെസംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..