മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം, സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കാറും. ഇൻസെറ്റിൽ മരിച്ച ശിവകുമാർ, നെവിൻ
വരാപ്പുഴ: വരാപ്പുഴ സ്വദേശിയായ വ്യവസായി ശിവകുമാര്‍ പൈ തമിഴ്നാട്ടിലെ ധര്‍മപുരി നല്ലപ്പടിക്ക് സമീപമുള്ള വനമേഖലയില്‍ സുഹൃത്തിനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്ന് പോലീസ്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.
മരിച്ച ശിവകുമാര്‍ പൈയും നെവിന് ഗ്രിഗറി ക്രൂസും ബിസിനസ് പങ്കാളികളാണെന്ന് പോലീസ് കരുതുന്നു. എന്നാല്‍, നെവിന് ക്രൂസിനെ കുറിച്ച് ശിവകുമാറിന്റെ ബന്ധുക്കള്‍ക്ക് അറിവില്ല. ശിവകുമാറിന് ഊട്ടിയില്‍ സ്ഥലമുണ്ടായിരുന്നു. ഇതിന്റെ വില്പനയ്ക്ക് സുഹൃത്തുമൊരുമിച്ച് പോയതാണെന്നു പറയുന്നുണ്ട്. സ്ഥലമിടപാടില്‍ കിട്ടിയ പണം കൈവശമുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍, കാറില്‍നിന്ന് പണമൊന്നും കണ്ടെത്താനായിരുന്നില്ല.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലയ്ക്ക് കാരണമായിട്ടുണ്ടോയെന്നും ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ശിവകുമാറിന്റെ കഴുത്തിലും ദേഹത്തും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന്റെ തലേ ദിവസം വരാപ്പുഴയിലുള്ള സുഹൃത്തിനെ വിളിച്ച് മൊബൈല്‍ സിം കാര്‍ഡുമായി സേലത്തേക്ക് എത്തിച്ചേരണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുഹൃത്ത് എത്തിയപ്പോള്‍ ശിവകുമാറിനെ കാണാനായില്ലെന്നും പറയുന്നുണ്ട്. ശിവകുമാര്‍ വലിയ ബാധ്യതയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ശിവകുമാറിന്റെ വലിയവീട്ടില്‍ ട്രാവല്‍സിന് വലിയ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. പലരില്‍ നിന്നും ശിവകുമാര്‍ കടം വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. കടം നല്കിയവര് ശിവകുമാറിന്റെ വീട്ടില്‍ ഉള്‍പ്പെടെ അന്വേഷിച്ചു വന്നിരുന്നു. ചില ഘട്ടങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടായിട്ടുള്ളതായും പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളും വരാപ്പുഴ പോലീസ് സ്റ്റേഷനിലുണ്ട്.
എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ വാഹനത്തിലാണ് ഇരുവരും ഞായറാഴ്ച സേലത്തേക്ക് പോയത്. കാറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. ആ നിലയിലുള്ള അന്വേഷണവും നടക്കേണ്ടതുണ്ട് എന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരള പോലീസ് കേസൊന്നും എടുത്തിട്ടില്ല. കേസന്വേഷണം കേരള പോലീസിന് കൈമാറിയാല്‍ മാത്രമേ കൂടുതല്‍ ചുരുളഴിയുകയുള്ളൂവെന്നാണ് ശിവകുമാറിന്റെ ബന്ധുക്കള്‍ പറഞ്ഞത്.
മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലും അന്വേഷണം
തിരുവനന്തപുരം സ്വദേശിയില്‍നിന്ന് വധഭീഷണിയുണ്ടെന്നു കാണിച്ച് ശിവകുമാര്‍ ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ശിവകുമാര്‍ ഇയാളില്‍ നിന്ന് ഒരു കോടിയിലേറെ രൂപ വാങ്ങിയിരുന്നതായും ഇതുതിരിച്ചു കൊടുക്കുന്നതിലുണ്ടായ കാലതാമസമാണ് വാക്കുതര്‍ക്കത്തിനും ഭീഷണിക്കും കാരണമായതെന്നുമാണ് അറിയാനായത്. ഇതില്‍ ശിവകുമാറിന്റെ മൊഴിയെടുത്ത് ലോക്കല്‍ പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊലപാതകമെന്ന് പോലീസ്; മരിച്ചത് മര്‍ദനമേറ്റ്
സേലം: ധര്‍മപുരി നല്ലപ്പള്ളിക്കുസമീപം ഭൂതനഹള്ളിയില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാര്‍ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന് ക്രൂസ് (58) എന്നിവര്‍ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. സാമ്പത്തികകാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ധര്‍മപുരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അതിയമാന്കോട്ടെ പോലീസ് സ്റ്റേഷന് പരിധിയില്‍വരുന്ന സ്ഥലത്ത് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും ശരീരത്തില്‍ ഇരുമ്പുപൈപ്പുകൊണ്ട് അടിയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. നെവിന് ക്രൂസിന്റെ കൈകള്‍ കെട്ടി മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയനിലയിലായിരുന്നു. ശിവകുമാറിന്റെ നെഞ്ചിന്റെ ഭാഗത്താണ് പരിക്ക് കൂടുതല്‍. ശരീരം മുഴുവന്‍ അടിയേറ്റ് നിറം മാറിയിരിക്കുന്നു. ഇരുവരും അടിയേറ്റാണ് മരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സേലത്ത് ഒരു ലോഡ്ജില്‍ താമസിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..