അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Screengrab: twitter.com/CitizenKamran
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബെംഗൂളൂരുവിലെ നൃപതുംഗ റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
ബി.ജെ.പി. എം.എല്‍.എ. ഹര്‍ത്തലു ഹാലപ്പയുടെ സ്റ്റിക്കര്‍ പതിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട കാറിടിച്ച് മറ്റുരണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകര്‍ന്നു. അതേസമയം, എം.എല്‍.എ.യുടെ സ്റ്റിക്കര്‍ പതിച്ചിരുന്നെങ്കിലും കാറിന്റെ ഉടമ അദ്ദേഹമല്ലെന്ന് പോലീസ് അറിയിച്ചു. എം.എല്‍.എ.യുടെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവ് രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും പോലീസ് പറഞ്ഞു. വനംവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് രാമു.
കാറോടിച്ചിരുന്ന മോഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സിഗ്നലില്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിപ്പോയെന്നും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നുമാണ് ഡ്രൈവറുടെ മൊഴി.
മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഡോക്ടറുമായ സുസ്മിതയെ ആശുപത്രിയില്‍നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍ക്ക് നേരേ പാഞ്ഞുകയറുകയായിരുന്നു. ഇരുചക്രവാഹന യാത്രക്കാരായ മജീദ് ഖാന്‍, അയ്യപ്പ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഒരാള്‍ റോഡില്‍ കിടക്കുന്നതും മറ്റൊരാള്‍ ചോരയൊലിച്ച് കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Content Highlights: two died in bengaluru car accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..