അറസ്റ്റിലായ പ്രതികളും എക്‌സൈസ് കസ്റ്റഡിയിലെടുത്ത ബൈക്കും
കോട്ടയം: ബൈക്കില്‍ കറങ്ങി എം.ഡി.എം.എ. വില്‍പ്പന നടത്തുന്ന യുവാക്കള്‍ പിടിയില്‍. കോട്ടയം കൂനന്താനം സ്വദേശികളായ ഷോണ്‍ കുര്യന്‍ (22), ജോസഫ് സ്‌കറിയ(23) എന്നിവരെയാണ് കോട്ടയം റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.വൈ. ചെറിയാന്റെ നേതൃത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരെയും പിടികൂടിയത്. പ്രതികളില്‍നിന്ന് 3.8 ഗ്രാം എം.ഡി.എംഎ. പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബൈക്കില്‍ കറങ്ങി നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും രാസലഹരി വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് പറഞ്ഞു. നേരത്തെ പലതവണ ഇരുവരെയും പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും എക്‌സൈസ് സംഘത്തെ വെട്ടിച്ചുകളയുകയായിരുന്നു പതിവ്. തുടര്‍ന്ന് ആഴ്ചകളോളം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ബൈക്കുകളില്‍ പിന്തുടര്‍ന്നു. തിങ്കളാഴ്ച ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ എക്‌സൈസ് ഇരുവരെയും പിന്തുടര്‍ന്നെത്തിയാണ് പിടികൂടിയത്.
ബസ് സ്റ്റാന്‍ഡിന് സമീപം ലഹരിമരുന്ന് കൈമാറാനെത്തിയ പ്രതികളെ വേഷംമാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വളയുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. ഇതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെയും പിന്നാലെ ജീപ്പിലെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടറും മറ്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. പ്രതികളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും എറണാകുളത്തുനിന്നാണ് എം.ഡി.എം.എ. കോട്ടയത്ത് എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കോട്ടയത്ത് എക്‌സൈസ് നടത്തിയ രണ്ടാമത്തെ എം.ഡി.എം.എ. ലഹരിവേട്ടയാണിത്.
എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.വൈ. ചെറിയാന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി.മനോജ്കുമാര്‍, ആര്‍.കെ.രാജീവ്, കെ.രാജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.നൂജു, ടി.സന്തോഷ്, ശ്യാംകുമാര്‍, രതീഷ് കെ.നാണു, അശോക് ബി.നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: two arrested with mdma drugs in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..