അപകടത്തില്‍പ്പെട്ട കാര്‍ റിപ്പയര്‍ ചെയ്യാന്‍ പണം നല്‍കാത്തതില്‍ ശത്രുത, സുവീഷിനെ കൊന്നത് കൂട്ടുകാര്‍


യാക്കര പുഴയോരത്ത് പോലീസ് പരിശോധന നടത്തുന്നു, ഇൻസെറ്റിൽ അറസ്റ്റിലായ സുരാജ്, ഷമീർ | Photo: Special Arrangement

പാലക്കാട്: യാക്കരപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കാടങ്കോട് ഇ.എം.എസ്. കോളനി സ്വദേശി ആര്‍. സുരാജ് (22), പൊല്‍പ്പുള്ളി കൂളമുട്ടം സ്വദേശി എസ്. ഷമീര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആറ് പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് പുറകുവശത്തായി യാക്കരപുഴയുടെ ചതുപ്പില്‍ നിന്ന് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.

ചിറ്റൂര്‍ തത്തമംഗലം ആറാംപാടം സ്വദേശി സുവീഷിന്റെ (20) മൃതദേഹമാണെന്ന നിഗമനത്തിലാണ് പോലീസ്. സുവീഷിനെ ജൂലായ് 19 മുതല്‍ കാണാനില്ലായിരുന്നു. പിടിയിലായ പ്രതികള്‍ എല്ലാവരും സുവീഷിന്റെ സുഹൃത്തുക്കളാണ്. സുരാജിനെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷമീറിനെ ശനിയാഴ്ച്ച രാവിലെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ള നാല് പ്രതികളും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ അസ്ഥികളും കെട്ടിതാഴ്ത്താന്‍ ഉപയോഗിച്ച തൂണുകളും കയറും സുവിഷിന്റെതെന്ന് കരുതുന്ന ഷര്‍ട്ടും നിക്കറുമാണ് കണ്ടെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ച രാവിലെ ചിറ്റൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഫോറന്‍സിക്കിന് കൈമാറി.

കൊന്നത് കൂട്ടുകാര്‍ തന്നെ, മുന്‍വൈരാഗ്യമെന്ന് പോലീസ്

യാക്കര പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം തത്തമംഗലം സ്വദേശി സുവീഷിന്റെ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. പിടിക്കപ്പെട്ട പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് യാക്കരപ്പുഴയുടെ ചതുപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. സുവീഷ് ഉള്‍പ്പടെയുള്ള ഏഴ് പേരുടങ്ങുന്ന സംഘം സുഹൃത്തുക്കളായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

സുവീഷ് ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ ചേര്‍ന്ന് ഒരു കാര്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നു. ഈ കാര്‍ ഇടയ്ക്ക് അപകടത്തില്‍പ്പെടുകയും ചെയ്തു. കാര്‍ നേരെയാക്കുന്നതിനായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചെലവ് വന്നു. ഇത് എല്ലാവരും തുല്യമായി വീതിക്കാമെന്ന് സംഘം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സുവീഷ് മാത്രം ഈ തുക നല്‍കാന്‍ തയ്യാറായില്ല.
ഇതോടെ ഇവര്‍ക്ക് സുവീഷിനോട് വൈരാഗ്യമായി. കൂടാതെ കൂട്ടത്തിലുള്ള ഒരാളുടെ മൊബൈല്‍ ഫോണ്‍ സുവീഷ് മോഷ്ടിക്കുകയും ചെയ്തതായി പറയുന്നു.

മറ്റൊരാളെ പൊതു സ്ഥലത്ത് വെച്ച് അവഹേളിച്ചതായും പറയുന്നുണ്ട്. ഇതെല്ലാം പ്രതികള്‍ക്ക് സുവീഷിനോട് വൈരാഗ്യമുണ്ടാക്കിയതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സുവീഷ് ഉള്‍പ്പടെ എല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. സുവീഷിനെ കാണാതായെന്ന് പറയപ്പെടുന്ന ജൂലായ് 19ന് പ്രതികള്‍ ബൈക്കിലെത്തി യുവാവിനെ കൂട്ടികൊണ്ട് പോകുകയും യാക്കരപുഴയുടെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂര മര്‍ദ്ദനത്തിന് ശേഷം പ്രതികള്‍ സുവീഷിന് അവിടെ ഉപേക്ഷിച്ച് പോകുകയുമായിരുന്നു.

തുടര്‍ന്ന് പിറ്റേന്ന് വീണ്ടും സംഘം സ്ഥലത്തെത്തിയപ്പോള്‍ സുവീഷിനെ മരിച്ച നിലയില്‍ കാണുകയുമായിരുന്നു. തുടര്‍ന്ന് കയര്‍ കൊണ്ടുവന്ന് ഒരു സിമന്റ് തൂണും ഒരു കരിങ്കല്‍ തൂണും സുവീഷിന്റെ മൃതദേഹത്തോട് ചേര്‍ത്തു കെട്ടി പുഴയിലെ ചതുപ്പില്‍ കൊണ്ടിടുകയാണ് ചെയ്തതെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

ദൃശ്യം മോഡല്‍ പരീക്ഷണം

സംഭവത്തിന് ശേഷം ഇവര്‍ സുവീഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്നാട്ടിലേക്ക് പോകുന്ന ലോറിയുടെ പുറകില്‍ ഉപേക്ഷിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട് പെരുന്തുറയിലെത്തിയ ലോറിയില്‍ നിന്നു ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു. തുടര്‍ന്ന് ചാര്‍ജ് ചെയ്ത് ഫോണ്‍ ഓണാക്കിയതോടെ ഫോണിലേക്ക് സുവീഷിന്റെ അമ്മയുടെ വിളിയെത്തി. ഫോണെടുത്ത ഡ്രൈവര്‍ ലോറിയില്‍ ഉപക്ഷിക്കപ്പെട്ട നിലയില്‍ ഫോണ്‍ ലഭിച്ചു എന്ന് അറിയിച്ചതോടെയാണ് സുവീഷിന്റെ അമ്മയ്ക്ക് സംശയം തോന്നി ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഫോണ്‍ ഓഫാക്കി യാത്ര ചെയ്യും

സുവീഷ് ഇടയ്ക്ക് ഫോണ്‍ ഓഫാക്കി യാത്ര ചെയ്യാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. സുവീഷിനെ കാണാതാകുന്ന ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. യാത്ര പോയതാകുമെന്ന് കരുതി എല്ലാ ദിവസവും വിളിച്ചു. നാലാം ദിവസമാണ് തമിഴ്നാട്ടിലെ ഒരാള്‍ ഫോണെടുക്കുന്നത്. തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി.

പോലീസിന് വീഴ്ച്ചയുണ്ടായതായി ആക്ഷേപം

സുവീഷിന്റെ തിരോധാനത്തില്‍ പോലീസിന് വീഴ്ച്ചയുണ്ടായതായി ആക്ഷേപം. ഒരു മാസം മുമ്പ് മകനെ കാണാനില്ലെന്ന് കാണിച്ച് സുവീഷിന്റെ അമ്മ നല്‍കി പരാതി നല്‍കിയിട്ടും പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന്റെ സുഹൃത്തുക്കള്‍ നേരത്തെയും ഇയാളുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയിട്ടുണ്ടെന്ന് അമ്മ വിജയം നല്‍കിയ പരാതിയില്‍ പറയുന്നു.

തമിഴ്നാട്ടില്‍ നിന്ന് സുവീഷിന്റെ ഫോണ്‍ കിട്ടിയത് വാങ്ങാന്‍ പോയതും സുവീഷിന്റെ അമ്മയാണ്. ആ ഫോണ്‍ ലഭിച്ചതിന് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. സുവീഷിന്റെ ബൈക്ക് പിരായിരി പള്ളിക്കുളത്ത് വെച്ചും കണ്ടെത്തിയിട്ടുണ്ട്.

Content Highlights: crime, arrest, palakkad, suveesh, yakkara river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented