ശ്രീജിത്ത്, ബവീർ
പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ മുന്‍ എം.എല്‍.എ.യുടെ ഡ്രൈവറായിരുന്നയാളടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
വിളയോടി അത്തിമണി കാരിക്കുളം ശ്രീജിത്ത് (വെള്ള-28), പാലക്കാട് നൂറണി പഠാണിത്തെരുവ് സി.പി. ഹൗസില്‍ ബി. ബവീര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണവ്യാപാരിയായ തൃശ്ശൂര്‍ കല്ലൂര്‍ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണ് പോലീസ് നടപടി. ബി. ബവീര്‍ മുന്‍ സി.പി.എം. എം.എല്‍.എ.യുടെ ഡ്രൈവറായിരുന്നു. സി.പി.എം. നേതാവ് എം.എല്‍.എ. ആയിരുന്നപ്പോഴത്തെ ഡ്രൈവര്‍ മാത്രമാണെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും സി.പി.എം. പ്രാദേശികനേതൃത്വവും സി.പി.എം. പാലക്കാട് ഏരിയാസെക്രട്ടറി കെ. കൃഷ്ണന്‍കുട്ടിയും അറിയിച്ചു. കാരിക്കുളം ശ്രീജിത്ത് മൂന്നുവര്‍ഷം മുമ്പ് പാര്‍ട്ടി അംഗമായിരുന്നെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വംപോലുമില്ലെന്ന് സി.പി.എം. ചിറ്റൂര്‍ ഏരിയാസെക്രട്ടറി ആര്‍. ശിവപ്രകാശ് പറഞ്ഞു. മറ്റു ഭാരവാഹിത്വങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 26-ന് പുലര്‍ച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശ്ശൂരിലെ ജൂവലറിയില്‍നിന്ന് തമിഴ്‌നാട് മധുക്കരയിലെ ജൂവലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി സ്വകാര്യബസില്‍ മടങ്ങിവരികയായിരുന്നു റാഫേല്‍.
ഇതിനിടെ, കാറിലെത്തിയ സംഘം സ്വകാര്യബസിനു കുറുകെ വാഹനം നിര്‍ത്തി റാഫേലിനെ പിടിച്ചിറക്കി. പിന്നീട് ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയശേഷം തമിഴ്‌നാടുഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയും 600 ഗ്രാം സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നെന്നുമാണ് പരാതി. മീനാക്ഷിപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാലക്കാടുനിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കെ. വിശ്വനാഥ്, ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. ഇവര്‍ക്കായും പോലീസ് അന്വേഷണമാരംഭിച്ചു.
അറസ്റ്റിലായ രണ്ടുപേരെക്കൂടാതെ, കാറിലെത്തിയ സംഘത്തില്‍ ഉന്നതബന്ധമുള്ളവരുമുണ്ടെന്നാണ് വിവരം. ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായും സൂചനയുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ജില്ലയുടെ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലേക്കും അന്വേഷണം നീണ്ടേക്കും.
Content Highlights: two arrested in kidnap and robbery case palakkad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..