ബിഹാർ പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: ANI
പട്‌ന: റിട്ട. പോലീസുകാരനടക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്‌നയിലെ ഫുല്‍വാരി ഷരീഫില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ. നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതികളില്‍നിന്ന് ചില പോസ്റ്ററുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായ പര്‍വേസ് നിരോധിത സംഘടനയായ സിമിയുടെ മുന്‍പ്രവര്‍ത്തകനാണെന്നും നിലവില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെ ഇസ്ലാമിക ഭരണം, ഇന്ത്യ വിഷന്‍ 2047 തുടങ്ങിയ പേരുകളിലുള്ള ലഘുലേഖകളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തെ പത്തുശതമാനം മുസ്ലീങ്ങള്‍ അണിനിരന്നാല്‍പോലും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയുമെന്നും തങ്ങളുടെ യശസ്സ് തിരികെ കൊണ്ടുവരാനാകുമെന്നുമാണ് ഈ ലഘുലേഖകളില്‍ പറയുന്നത്.
ഇതിനുപുറമേ, ആയോധനകലയെന്ന പേരില്‍ പ്രദേശത്തെ നിരവധിപേര്‍ക്ക് പ്രതികള്‍ ആയുധപരിശീലനം നല്‍കിയിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്തിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. മറ്റുപേരുകളില്‍ ടിക്കറ്റെടുത്ത് യാത്രചെയ്തിരുന്ന ഇവര്‍, ഹോട്ടലുകളിലും വ്യാജ പേരുകളിലാണ് താമസിച്ചിരുന്നത്. ആയോധനകലയുടെ പേരില്‍ വാളുകളും കത്തികളും ഉപയോഗിച്ച് നടത്തിയ ഈ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പര്‍വേസിന് പാകിസ്താന്‍, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ലഭിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. നിലവില്‍ കസ്റ്റഡിയിലുള്ള സിമി പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള ചെലവുകള്‍ക്കായാണ് ഈ പണം ഉപയോഗിച്ചിരുന്നതെന്നും പര്‍വേസിന്റെ ഇളയസഹോദരന്‍ 2002-ലെ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Content Highlights: two arrested in bihar who links with popular front of india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..