രാഹുൽ, നീതു എസ് പോൾ | Photo: Screengrab/ Mathrubhumi News
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശി നീതു എസ് പോൾ എന്നിവരാണ് പിടിയിലായത്. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി ഇതുവഴിയായിരുന്നു തട്ടിപ്പ്.
കൊല്ലം ജില്ല ജിയോളജിസ്റ്റിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം, ക്വാറിയുടെ ലൈസൻസ് പുതുക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപ കൈക്കൂലി വേണമെന്ന് ക്വാറി ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. രൂപ കൈപ്പറ്റാൻ രണ്ടാം പ്രതിയായ നീതുവിനെ ടാക്സി കാറിൽ ഒന്നാം പ്രതി രാഹുൽ കൊട്ടിയത്ത് എത്തിച്ചു. ക്വാറി ഉടമയിൽ നിന്ന് പണം വാങ്ങി ഇവർ മടങ്ങി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കി ലഭിച്ചില്ല. ഇതിനിടെ ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ പ്രവർത്തനരഹിതമാകുകയും വാട്സാപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും കണ്ടെത്തി.
തുടർന്ന് പണം കൈമാറിയ വിവരം കൊല്ലം ജില്ലാ ജിയോളജിസ്റ്റിനെ ക്വാറി ഉടമ വിളിച്ച് പറഞ്ഞു. അപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായി എന്ന കാര്യം ക്വാറി ഉടമ തിരിച്ചറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകി. ജിയോളജിസ്റ്റും സമാനമായി സൈബർ പോലീസിൽ പരാതി നൽകി.
ഉപയോഗിച്ച ഫോൺ വിലക്ക് വാങ്ങിയായിരുന്നു ഇരുവരും ക്വാറി ഉടമയെ തട്ടിപ്പിന് ഇരയാക്കിയത്. അമ്മയ്ക്ക് സുഖമില്ലെന്നും തന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ കാണാനില്ലെന്നും പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ളയാളുടെ രേഖകൾ കൈക്കലാക്കിയായിരുന്നു സിം കാർഡ് സ്വന്തമാക്കിയത്. തുടർന്നായിരുന്നു തട്ടിപ്പ്.
ഫോൺ നമ്പറിലെ കോൾ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാൻ ഉപയോഗിച്ച വാട്സാപ്പ് സന്ദേശങ്ങളും പിന്തുടർന്നാണ് സൈബർ പോലീസ് പ്രതികളെ കീഴടക്കിയത്.
Content Highlights: two arrested for fund fraud quarry owner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..