അറസ്റ്റിലായ പ്രതികൾ
പത്തനംതിട്ട: ഫെയ്സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരാകരിച്ചതിന് വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട പടുത്തോട് സ്വദേശികളായ സേതുനായര്‍, ശരത് എസ്. പിള്ള എന്നിവരെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. സേതുവിന്റെ നിര്‍ദേശപ്രകാരം ശരത് എസ്. പിള്ളയാണ് വീട്ടമ്മയുടെ കുളിമുറി ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.
രണ്ടുമക്കള്‍ക്കൊപ്പം താമസിക്കുന്ന വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കാന്‍ സേതുനായര്‍ ശ്രമിച്ചിരുന്നു. ഫെയ്സ്ബുക്കില്‍ വീട്ടമ്മയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ചെയ്തു. എന്നാല്‍ വീട്ടമ്മ സേതുവിന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല. ഇതിന്റെ പ്രതികാരമായാണ് വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സേതു തീരുമാനിച്ചത്.
സുഹൃത്തായ ശരത് എസ്. പിള്ളയോടാണ് കുളിമുറി ദൃശ്യം പകര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ശരത് എസ്. പിള്ള യുവതിയുടെ വീട്ടിലെത്തി കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി.
കുളിമുറിയുടെ വെന്റിലേഷനിലൂടെ ശരത് ദൃശ്യം പകര്‍ത്തുന്നത് വീട്ടമ്മ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ കോയിപ്രം പോലീസില്‍ പരാതി നല്കി. രണ്ടുമണിക്കൂറിനുള്ളില്‍ ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ സേതുനായര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദൃശ്യം പകര്‍ത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്ന് സേതുവിനെയും പോലീസ് പിടികൂടുകയായിരുന്നു.
മൊബൈല്‍ഫോണില്‍ പകര്‍ത്തിയ കുളിമുറി ദൃശ്യം ശരത് എസ്. പിള്ള സേതുവിന് അയച്ചുനല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. സുഹൃത്ത് പിടിയിലായെന്ന വിവരമറിഞ്ഞതോടെ സേതു തന്റെ മൊബൈല്‍ഫോണില്‍നിന്ന് ശരത്തിന്റെ നമ്പറും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..