പദ്ധതിയിട്ടത് ഒരേദിവസം മൂന്ന് കൊലപാതകങ്ങള്‍, കൂസലില്ലാതെ അജീഷിന്റെ വെളിപ്പെടുത്തല്‍


തമ്പാനൂർ കൊലപാതകക്കേസിലെ പ്രതി അജീഷിനെ ശനിയാഴ്ച ഹോട്ടൽ സിറ്റി ടവറിലെ തെളിവെടുപ്പിനു ശേഷം പോലീസ് തിരിച്ചുകൊണ്ടുപോകുന്നു

തിരുവനന്തപുരം: നഗരമധ്യത്തിലെ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷ് അതേ ദിവസം മറ്റു രണ്ടു പേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍, വിചിത്രമായ രീതിയില്‍ പെരുമാറുന്ന ഇയാളുടെ വാക്കുകള്‍ പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തനിക്ക് ശത്രുതയുണ്ടായിരുന്ന കല്ലിയോട് സ്വദേശികളായ രണ്ടുപേരെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍, ഇവരെ കൈയ്യില്‍ കിട്ടിയില്ല എന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കൂസലില്ലാതെ കൊലക്കളത്തിന് മുന്നില്‍

യാതൊരു കൂസലുമില്ലാതെയാണ് ഇയാള്‍ പോലീസിന്റെ ചോദ്യംചെയ്യലിനെ നേരിട്ടത്. സ്ഥിരം കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാളുടെ പെരുമാറ്റം സാധാരണ നിലയിലല്ല. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്താലേ കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകൂ. കൊലപാതകം നടന്ന ഹോട്ടല്‍ സിറ്റി ടവറില്‍ ശനിയാഴ്ച രാവിലെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. നീലന്‍ എന്ന അയ്യപ്പന്‍ വെട്ടേറ്റു കിടന്ന റിസപ്ഷന്‍ ക്യാബിന് സമീപമെത്തിച്ചായിരുന്നു തെളിവെടുപ്പ്.

കഴിഞ്ഞ ഒക്ടോബര്‍ 18-ന് അജീഷും ഭാര്യ ലക്ഷ്മിയും ഈ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. അടുത്ത ദിവസം പകല്‍ ഭാര്യ ഇയാളുമായി വഴക്കിട്ട് ഹോട്ടലില്‍നിന്ന് പോവുകയും ചെയ്തു. തുടര്‍ന്ന് പ്രതി അജീഷ് മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കി. ഇത് ജീവനക്കാര്‍ വിലക്കുകയും ചെയ്തു. തുടര്‍ന്ന് റിസപ്ഷനിസ്റ്റ് അയ്യപ്പനുമായുണ്ടായ തര്‍ക്കത്തിനിടെ അയ്യപ്പന്‍ അജീഷിനെ പിടിച്ചുതള്ളി. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഒരാളുമായി തര്‍ക്കമുണ്ടായതിന് പ്രതികാരമായി മൂന്നു മാസത്തിനുശേഷം ഇത്രയും ക്രൂരമായി കൊലപ്പെടുത്തുക എന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.

പലതവണ ഹോട്ടലിലെത്തി

ഇതിനിടെ പലതവണ ഇയാള്‍ കൊലപാതകം ലക്ഷ്യമിട്ട് ഈ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ മറ്റ് ആള്‍ക്കാര്‍ ഉള്ളതിനാല്‍ മടങ്ങിപ്പോയി. പിന്നീടാണ് മറ്റാരും ഉണ്ടാകാത്ത അതിരാവിലെ കൊലയ്ക്കായി തിരഞ്ഞെടുത്തത്. രാവിലെ എം.ജി.റോഡില്‍ തിരക്കുണ്ടാവില്ലെന്നതും ആ സമയം അയ്യപ്പന്‍ ഹോട്ടലില്‍ തനിച്ചായിരിക്കുമെന്നും അറിഞ്ഞുകൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാളുടെ ലഹരി ഇടപാടോ മറ്റോ അയ്യപ്പന്‍ ചോദ്യം ചെയ്തതാണോ ശത്രുതയ്ക്ക് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പോലീസ് പരിശോധിക്കുന്നുണ്ട്. അജീഷിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

കൊല നടത്താന്‍ നെടുമങ്ങാട്ടു നിന്നാണ് അജീഷ് ഓവര്‍ബ്രിഡ്ജിലെ ഹോട്ടലിലെത്തിയത്. പനവിള ജങ്ഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തമ്പാനൂര്‍ വഴി ഓവര്‍ബ്രിഡ്ജ് ജങ്ഷനിലെത്തിയ ശേഷം വണ്‍വേ തെറ്റിച്ചാണ് വലതുവശത്തെ ഹോട്ടലിന് മുന്നിലെത്തിയത്. ഏതാനും മിനിറ്റുകള്‍കൊണ്ട് കൃത്യം നടത്തി മടങ്ങുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ക്കു ശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി.

ഗുണ്ടാ പട്ടികയിലേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും നടപ്പായില്ല

പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീഷിനെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് ശുപാര്‍ശ നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഇത് തള്ളുകയായിരുന്നു. അജീഷ് ഉള്‍പ്പെടെ അന്‍പതോളം പേരുടെ പട്ടികയാണ് മാസങ്ങള്‍ക്ക് മുന്‍പ് പോലീസ് കൈമാറിയത്. എന്നാല്‍, പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമിതി ഈ പട്ടിക തള്ളിയത്.

ഭാര്യ ലക്ഷ്മിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മംഗലപുരം സ്വദേശി നിധീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ അജീഷും ലക്ഷ്മിയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. 40-തോളം കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഷാജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് അജീഷ് കുപ്രസിദ്ധനായത്. ഈ രണ്ട് വധശ്രമക്കേസുകളും അടിപിടി, കഞ്ചാവ് കേസുകളും ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. എന്നിട്ടും ഗുണ്ടാലിസ്റ്റില്‍ പെടാതെ റൗഡി ലിസ്റ്റില്‍ മാത്രമായിരുന്നു ഇയാള്‍ ഇടംപിടിച്ചത്.

റോഡുനീളെ ക്യാമറയുണ്ടായിട്ടും ഫലമുണ്ടായില്ല

തിരുവനന്തപുരം: നഗരമധ്യത്തില്‍ നടന്ന കൊലക്കേസിലെ പ്രതിയെ കുടുക്കാന്‍ പോലീസ് സംഘത്തിന് തടസ്സമായത് പോലീസിന്റെ ക്യാമറകള്‍ തന്നെ. കൊലപാതകത്തിനു ശേഷം പ്രതി പാളയം ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് തുടക്കത്തില്‍ തന്നെ പോലീസ് കണ്ടെത്തി.

ഉടന്‍ പോലീസ് സംഘത്തിലെ ഒരു വിഭാഗം ക്യാമറകള്‍ പരിശോധിച്ച് ഇയാള്‍ പോയവഴി പിന്തുടര്‍ന്നു. പാളയം വഴി വഴയില വരെ പ്രതി പോയ ദൃശ്യങ്ങള്‍ റോഡുവക്കില്‍ സ്ഥാപിച്ചിട്ടുള്ള ചില ക്യാമറകളില്‍ നിന്നു ലഭിച്ചു. പക്ഷേ, ഇയാള്‍ പോയ വാഹനത്തിന്റെ നമ്പര്‍ മാത്രം വ്യക്തമായില്ല. ഇരുചക്രവാഹനത്തിന്റെ നമ്പര്‍ സൂം ചെയത് കണ്ടെത്താന്‍ ഒരു ക്യാമറയിലും കഴിഞ്ഞില്ല.

ഇത് ലഭിച്ചിരുന്നെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായനേയെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ പറയുന്നു. നെടുമങ്ങാട് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത് കൊണ്ടാണ് അജീഷ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്.

ഓവര്‍ബ്രിഡ്ജ് മുതല്‍ വഴയില വരെയുള്ള ഭാഗത്തെ പോലീസിന്റെ 14 ക്യാമറകളാണ് പരിശോധിച്ചത്. കുറച്ച് ക്യാമറകളേ ഇതില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പ്രവര്‍ത്തിക്കുന്നവയില്‍ ചിത്രങ്ങള്‍ വ്യക്തമായി പതിയുന്നുമില്ല.

നഗരത്തിലെ ക്യാമറകള്‍ പലതും വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഈ ക്യാമറകളുടെ കൃത്യമായ പരിപാലനവും നടക്കുന്നില്ല.

പോലീസ് അയഞ്ഞു, ഗുണ്ടാസംഘങ്ങള്‍ പിടിമുറക്കുന്നു...

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗുണ്ടാസംഘങ്ങള്‍ വീണ്ടും ജില്ലയില്‍ പിടിമുറുക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലാണ് ജില്ലയില്‍ ഗുണ്ടാ, ക്രിമിനല്‍ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വീണ്ടും സജീവമായത്. പോലീസ് അയഞ്ഞതും ജയിലിലായിരുന്ന ഗുണ്ടാനേതാക്കളടക്കമുള്ള വന്‍സംഘം പരോളില്‍ പുറത്തെത്തിയതും ഇതിനു വലിയൊരളവുവരെ സഹായകമായി. കോവിഡ് കാലത്തെ ഇളവുകളാണ് പുതിയ ഗുണ്ടാസംഘങ്ങളുടെ വരവിനു കാരണമായത്.

കൂടാതെ കോവിഡ് കാലത്ത് രോഗികളുടെ വീടുകളിലെത്തിയുള്ള നിരീക്ഷണം മുതല്‍ കടകളിലെ ആളെണ്ണം പരിശോധിക്കുന്നതു വരെ വന്‍ ജോലിഭാരം കൂടിവന്നതോടെ സാധാരണ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. പ്രമാദമായ കേസുകളിലല്ലാതെ പ്രതികളെ പിടികൂടാന്‍പോലും സമയമില്ലാത്ത സ്ഥിതിയായിരുന്നു പോലീസിന്.

കോവിഡ് കാലം കുറ്റവാളികള്‍ മുതലാക്കി

പോലീസിന്റെ പ്രവര്‍ത്തനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കു മാറിയതോടെയാണ് അക്രമിസംഘങ്ങള്‍ വളരാന്‍ തുടങ്ങിയത്. ലഹരിക്കടത്തായിരുന്നു ഇതിന്റെ തുടക്കം. ലോക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ അനധികൃത മദ്യനിര്‍മാണവും കച്ചവടവും ലഹരിക്കടത്തും സജീവമായി.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും കേരളത്തിലേക്കെത്തി. ഇതിനു നേതൃത്വം നല്‍കിയത് പഴയ ഗുണ്ടാനേതാക്കളായിരുന്നു. ജയിലിലിരുന്നുവരെ കഞ്ചാവ് കടത്തുസംഘങ്ങളെ നിയന്ത്രിച്ച ക്രിമിനലുകളുണ്ട്.ഇതിന്റെ തെളിവുകള്‍ എക്സൈസിനു ലഭിച്ചതുമാണ്. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല.

പുതിയ തലമുറയിലെ ലഹരിക്കടിമയായ ക്രിമിനലുകളെക്കൂടി ചേര്‍ത്താണ് പഴയ ഗുണ്ടകള്‍ സംഘങ്ങള്‍ നവീകരിച്ചത്. പരോളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍ സംഘങ്ങള്‍ക്കു നേതൃത്വം നല്‍കി.ലഹരിക്കടത്ത് സംബന്ധിച്ച തര്‍ക്കങ്ങളും ഒറ്റുകളുമാണ് തുടക്കത്തില്‍ അക്രമങ്ങളിലേക്കു നയിച്ചത്. പിന്നീട് ലഹരിയില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടാനും എതിര്‍ക്കുന്ന ആരെയും ക്രൂരമായി ആക്രമിക്കാനും തുടങ്ങി.

വിഴിഞ്ഞത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ആക്രമിച്ചത്, തിരുവല്ലത്തും മണക്കാട്ടും പോലീസിനെ ആക്രമിച്ചത്, നെടുമങ്ങാട് സാക്ഷിപറഞ്ഞ ആളെ ആക്രമിച്ചത് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മിക്ക കേസുകളിലെയും പ്രതികളെ പോലീസ് പിടികൂടുമെങ്കിലും കോവിഡിന്റെ ആനുകൂല്യത്തില്‍ ഇവര്‍ പെട്ടെന്നുതന്നെ ജാമ്യത്തില്‍ പുറത്തെത്തുകയും വീണ്ടും ലഹരിക്കടത്ത് തുടങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്.

പോലീസിലും രാഷ്ട്രീയത്തിലുംസഹായികള്‍

പോലീസിലെയും രാഷ്ട്രീയക്കാരിലെയും ഒരു വിഭാഗവും ക്രിമിനലുകളെ തീറ്റിപ്പോറ്റാന്‍ ഒപ്പമുണ്ട്. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ-പണമിടപാട് സംഘത്തിലെ പ്രമുഖര്‍ ഇടപെട്ടത് പരസ്യമായ രഹസ്യമാണ്. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ പിടിയിലായ പപ്പടം എന്ന് ഇരട്ടപ്പേരുള്ള ഒരു ക്രിമിനല്‍ പോലീസിലെ ചിലരുടെ സംരക്ഷണയിലാണ് കീഴടങ്ങിയത്.

ഇങ്ങനെ പ്രതികളെ പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ എത്തിക്കുന്നതും ഇവരുടെ സംരക്ഷകരാണ്. ഒപ്പമുള്ള മറ്റുപ്രതികളെയും ഇവരെ ഒളിവില്‍ സംരക്ഷിക്കുന്നവരെയും കേസില്‍ നിന്നു ഒഴിവാക്കാനാണ് ഇത്തരം കീഴടങ്ങല്‍ നാടകം. വളരെ താമസിയാതെ ഈ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും അക്രമങ്ങളിലേക്കു തിരിയുകയും ചെയ്യും.

പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ട്. പോത്തന്‍കോട് വധക്കേസിലും നഗരത്തില്‍ അടുത്തകാലത്തു നടന്ന മണ്ണുകടത്ത് കേസിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായിരുന്നു.

ഗുണ്ടാപ്പട്ടിക പുതുക്കുന്നു

പോത്തന്‍കോട് സുധീഷ് വധക്കേസോടെയാണ് ഗുണ്ടാ ലിസ്റ്റുകള്‍ പുതുക്കാന്‍ വീണ്ടും പോലീസ് ശ്രമം തുടങ്ങിയത്. ഇപ്പോള്‍ ജില്ലയിലെ ഗുണ്ടാ-റൗഡി പട്ടികകള്‍ പോലീസ് പുതുക്കിവരികയാണ്. മൂന്നുവര്‍ഷമായി ഈ നടപടി മുടങ്ങിക്കിടക്കുകയായിരുന്നു.

Content Highlights: trivandrum thampanoor hotel receptionist murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented