'തെറ്റ് ചെയ്തിട്ടില്ല, ഭാര്യയെ ഭീഷണിപ്പെടുത്തി, ഒത്തിരി പറയാനുണ്ട്'; പോലീസ് കുടുക്കിയതാണെന്ന് പ്രതി


പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു. 

പ്രതി സന്തോഷ് | Screengrab: Mathrubhumi News

തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറുകയും മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിയുമായി പോലീസ് സംഘം കുറവന്‍കോണത്ത് തെളിവെടുപ്പ് നടത്തിയത്. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു സന്തോഷിന്റെ പ്രതികരണം.

തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഒത്തിരി പറയാനുണ്ട്. ഞാന്‍ അല്ല ഇതൊന്നും ചെയ്തിട്ടുള്ളത്. എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിച്ചു. ഒത്തിരി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല'- സന്തോഷ് പറഞ്ഞു. എന്നാല്‍, പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.



കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില്‍ ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്. കുറവന്‍കോണത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല. മ്യൂസിയത്തിലും കുറവന്‍കോണത്തും അതിക്രമം കാട്ടിയത് ഒരാള്‍ തന്നെയാണെന്ന് തിങ്കളാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്.

മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ മതിയായ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നത് പോലീസിനെ ആദ്യം കുഴക്കി. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തില്‍ പോലീസ് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പലക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് തന്നെ തിരിച്ചറിഞ്ഞത്. ചില ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വ്യക്തതയില്ലാത്തതുമായിരുന്നു. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. എന്നാല്‍, ഇതിനിടെ ടെന്നീസ് ക്ലബിന് സമീപത്തുനിന്ന് ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യം പോലീസിന് തുമ്പായി. ടെന്നീസ് ക്ലബിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോകുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മലയിന്‍കീഴ് സ്വദേശിയായ സന്തോഷ് ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങിനടന്നാണ് പ്രതി സ്ത്രീകളോട് അതിക്രമം കാട്ടിയിരുന്നത്. മ്യൂസിയത്തില്‍ ഇയാള്‍ എത്തിയതും സര്‍ക്കാരിന്റെ ബോര്‍ഡ് വെച്ച ഇന്നോവ കാറിലായിരുന്നു. ഈ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തശേഷമാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ കടന്നുപിടിച്ചത്.

മ്യൂസിയത്തില്‍ ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍ ബുധനാഴ്ച രാവിലെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. പിടിയിലായ സന്തോഷ് തന്നെയാണ് ആക്രമിച്ചതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. അതിനിടെ, സന്തോഷിനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Content Highlights: trivandrum museum attack and kurvankonam trespassing case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented