മനോരമ വധം: കത്തികൊണ്ട് കഴുത്തില്‍ കുത്തി, ശ്വാസം മുട്ടിച്ചു; 6 പവന്‍ കണ്ടെത്താനായില്ലെന്ന് പോലീസ്


'കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചു. കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമില്‍ പോയി വസ്ത്രം മാറിയ ശേഷം നാട്ടില്‍ പോകാനായി ശ്രമിച്ചു'

ആദം അലി, കൊല്ലപ്പെട്ട മനോരമ

തിരുവനന്തപുരം: മോഷണം ലക്ഷ്യമിട്ടാണ് കേശവദാസപുരം സ്വദേശിനി മനോരമയെ പ്രതി ആദം അലി കൊലപ്പെടുത്തിയതെന്ന് പോലീസ്. മനോരമയുടെ ആറ് പവന്‍ കണ്ടെത്താനായിട്ടില്ല. പരിചയമുള്ള ആളായിരുന്നതിനാല്‍ വീട്ടില്‍ പ്രവേശിക്കാന്‍ എളുപ്പമായിരുന്നുവെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതി പബ്ജി കളിക്കുന്ന ആളായിരുന്നുവെന്നും പബ്ജിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് കരുതുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചു. കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമില്‍ പോയി വസ്ത്രം മാറിയ ശേഷം നാട്ടില്‍ പോകാനായി ശ്രമിച്ചു. ഇതിനിടയില്‍ ചെന്നൈയില്‍ നിന്നാണ് പിടിയിലായതെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.

കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളില്‍ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് ഞായറാഴ്ച വര്‍ക്കലയിലുള്ള കുടുംബവീട്ടില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് ദിനരാജിനെ നാട്ടുകാര്‍ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതി ആദം അലിയെ ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് ശേഷം തിരുവനന്തപുരം സിറ്റി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്. മനോരമയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ച പാട് കാണാമായിരുന്നു. മുറിവ് വലിയ ആഴത്തിലുള്ളതല്ല. ഈ മുറിവ് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: Trivandrum Manorama murder case investigation.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented