സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | Screengrab: Youtube.com/EastMojo
അഗര്‍ത്തല: രഹസ്യബന്ധം ആരോപിച്ച് യുവതിക്ക് ഭര്‍ത്താവിന്റെയും നാട്ടുകാരുടെയും ക്രൂരമര്‍ദനം. ത്രിപുരയിലെ ഖോവായി ജില്ലയിലാണ് സംഭവം. യുവതിയെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം കാമുകനെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്.
ശനിയാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും ചില നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചത്. ഭര്‍ത്താവും മറ്റു 15-ഓളം പേരും യുവതിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വയലിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. യുവതിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഈ യുവാവിനെയും നാട്ടുകാര്‍ പിടികൂടി സ്ഥലത്തെത്തിച്ചിരുന്നു. ഇതിനിടെ, നിരന്തരമായ മര്‍ദനത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായി. പിന്നീട് ബോധം വന്നതോടെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
മര്‍ദനമേറ്റ് അവശയായ യുവതിയും യുവാവും പരസ്പരം ഹാരമണിയിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇരുവരും ഹാരമണിയിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഉച്ചത്തില്‍ കൂകി വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ യുവാവിനെ നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭാര്യയെ മര്‍ദിച്ചതിന് പിന്നില്‍ താനും കുടുംബാംഗങ്ങളുമാണെന്ന് ഭര്‍ത്താവ് സമ്മതിച്ചു. ഗ്രാമത്തിലെ മറ്റൊരു യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഭാര്യയെ മര്‍ദിച്ചതെന്നും സംഭവത്തിന് ശേഷം താന്‍ തന്നെയാണ് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രാത്രി മുഴുവന്‍ താനാണ് ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നതെന്നും പോലീസ് തന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരായ പത്ത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തെ ത്രിപുര വനിതാ കമ്മീഷന് അധ്യക്ഷ ബര്‍നാലി ഗോസ്വാമിയും അപലപിച്ചു. യുവതിയെ നേരില്‍ക്കണ്ട് മൊഴിയെടുക്കാന്‍ കമ്മീഷന് ഒരു സംഘത്തെ അയക്കുമെന്നും അധ്യക്ഷ അറിയിച്ചു.
Content Highlights: tripura woman beaten up by husband and villagers forced to marry another man
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..