Screengrab: Mathrubhumi News
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച കമ്മീഷന്‍, വിശ്വനാഥന്റെ മരണത്തില്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും നാലുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.
വിശ്വനാഥന്‍ വെറുതെപോയി ആത്മഹത്യ ചെയ്യുമോ എന്നായിരുന്നു കമ്മീഷന്റെ ചോദ്യം. ജാതീയമായ അസഹിഷ്ണുത തന്നെയാണ് മരണത്തിന് കാരണം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതിനിടെ, വിശ്വനാഥന്റെ മരണത്തില്‍ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാവിലെയാണ് വയനാട് കല്പറ്റ അഡലെയ്ഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയ വിശ്വനാഥനെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തിരുന്നതായും മര്‍ദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, വിശ്വനാഥന്റേത് തൂങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചിരുന്നു.
Content Highlights: tribal youth viswanathan death in kozhikode medical college sc st commission against police report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..