കുട്ടിയുടെ പുറത്തെ അടിയേറ്റ പാട്
അതിരപ്പിള്ളി: വെറ്റിലപ്പാറ പ്രീ-മെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. അടിച്ചിൽത്തൊട്ടി ഊരിലെ പത്താംക്ലാസുകാരനായ വിദ്യാർഥിയെ വാച്ച്മാൻ വടികൊണ്ട് പുറത്തടിച്ചതായാണ് പരാതി. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും പരാതിയിന്മേൽ ഹോസ്റ്റലിലെ വാച്ച്മാൻ മധുവിന്റെപേരിൽ അതിരപ്പിള്ളി പോലീസ് കേസെടുത്തു.
ജുവനൈൽ ജസ്റ്റിസ് ആക്ട്, പട്ടികജാതി പട്ടികവർഗ സംരക്ഷണനിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ ഡെസ്കിൽ തട്ടി ശബ്ദമുണ്ടാക്കി. ഇത് ചോദിക്കുന്നതിനിടെ വിദ്യാർഥിയുടെ പുറത്ത് മുളവടികൊണ്ട് അടിച്ചതായാണ് പരാതി.
കുട്ടിയുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലും ചാലക്കുടി താലൂക്കാശുപത്രിയിലും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിനുശേഷം സ്കൂളിലെത്തിയ കുട്ടി ക്ലാസ്ടീച്ചറോട് വിവരംപറഞ്ഞു. ഹോസ്റ്റലധികൃതർ കുട്ടിയുടെ അച്ഛനെയും വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ അച്ഛൻ സ്കൂളിലെത്തി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ അന്വേഷണവിധേയമായി വാച്ച്മാൻ മധുവിനെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ എസ്.സി. എസ്.ടി. കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി. പോലീസിനോടും പട്ടികവർഗ ക്ഷേമവകുപ്പിനോടും വിശദീകരണംതേടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..