മൃതദേഹത്തിനായി നാവികസേന തിരച്ചിൽ നടത്തുന്നു
എടവണ്ണ : മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുന്നതിന് നാവികസേനാംഗങ്ങൾ പുഴയിൽ ശനിയാഴ്ച നടത്തിയ തിരച്ചിൽ വിഫലം. അഞ്ചുമണിക്കൂർ തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.
എടവണ്ണ ചാലിയാറിൽ രാവിലെ പത്തരയോടെ തുടങ്ങിയ തിരച്ചിൽ ഉച്ചവരെ നീണ്ടു. ഊണിനായി കരകയറിയശേഷം വീണ്ടും പുഴയിലിറങ്ങി തുടർന്ന തിരച്ചിൽ വൈകീട്ട് ആറിനാണ് അവസാനിപ്പിച്ചത്. ഞായറാഴ്ചയും തിരച്ചിൽ തുടരും. കേസിലെ മുഖ്യപ്രതികളായ ഷൈബിൻ അഷ്റഫ്, ഷൈബിന്റെ മാനേജർ ഷിഹാബുദ്ദീൻ, കസ്റ്റഡിയിലുള്ള പ്രതികളായ നൗഷാദ്, നിഷാദ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. ഷാബാ ഷെരീഫിനെ കൊന്ന് ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിലാക്കിയ ശേഷം രാത്രി എടവണ്ണ ചാലിയാറിന് കുറുകെയുള്ള സീതിഹാജി പാലത്തിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതികളുടെ മൊഴി.
പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമെത്തയും തൂണുകളുടെ സമീപം വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലാണ് നാവികസേനാംഗങ്ങൾ മുങ്ങി തിരച്ചിൽ നടത്തിയത്. നേരത്തേ പോലീസും അഗ്നിരക്ഷാസേനയും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് നാവികസേനയുടെ സഹായം പോലീസ് തേടിയത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ അഭ്യർത്ഥനപ്രകാരം കൊച്ചിയിൽനിന്നുള്ള നാവികസേനയുടെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് ടീം മാർഷൽ ചീഫ് പ്രേമേന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് തിരച്ചിലിനെത്തിയത്. ചാന്ദ് കുമാർ, ദീപക്, ദേവേന്ദർ സിങ്, എൻസിക്കർ വാർ എന്നിവരാണ് മറ്റംഗങ്ങൾ. നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാം, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും തിരുവാലി അഗ്നിരക്ഷാസേനയും എടവണ്ണ എമർജൻസി റസ്ക്യു ഫോഴ്സും (ഇ.ആർ.എഫ്) തിരച്ചിലിൽ പങ്കാളികളായി.
കൂടെയുണ്ട് സന്നദ്ധസേവകരും
.jpg?$p=f6ec869&w=610&q=0.8)
എടവണ്ണ: കൊല്ലപ്പെട്ട നാട്ടുവൈദ്യന് ഷാബാഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ചാലിയാറില്‍ അധികൃതര്‍ക്കൊപ്പം മുഴുനീളെ കര്‍മനിരതരായി സന്നദ്ധസേവകരും.
കോരിച്ചൊരിയുന്ന മഴയിലും ഇവര്‍ പരമാവധി ശ്രമം നടത്തി. ചാലിയാറില്‍ സീതിഹാജി പാലം പരിസരത്താണ് സന്നദ്ധസേവകരായ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് (ഇ.ആര്.എഫ്.) അംഗങ്ങള്‍ മടുക്കാത്ത സേവനത്തിന്റെ ഊര്‍ജവും വെളിച്ചവുമായി മാറിയത്. വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ഒന്നുവരെ ഇവിടെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു.
ഈ സമയം രണ്ടു റബ്ബര്‍ ഡിങ്കി ബോട്ടുകളുമായി ഇ.ആര്.എഫ്. നിലമ്പൂര്‍, എടവണ്ണ യൂണിറ്റുകളിലെ അംഗങ്ങളെത്തി. 20-ഓളം വൊളന്റിയര്‍മാര്‍ പുഴയിലിറങ്ങി മുങ്ങിത്തിരഞ്ഞുവെന്ന് എടവണ്ണ ഇ.ആര്.എഫിലെ പി.പി. ഷാഹിന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 10-ഓടെ പുഴയില്‍ ഇറങ്ങി നടത്തിയ തിരച്ചില്‍ വൈകീട്ട് അഞ്ചരയോടെയാണ് അവസാനിപ്പിച്ചത്.
ശനിയാഴ്ച ഒരു ബോട്ടും ഏഴു വൊളന്റിയര്‍മാരും പങ്കെടുത്തു. പാലം പരിസരത്ത് ഗതാഗതനിയന്ത്രണത്തിനും മറ്റുമായി സന്നദ്ധസേവകരായ പോലീസ് വൊളന്റിയര്‍മാരും,തിരച്ചില്‍ നടത്തുന്നവര്‍ക്ക് സഹായികളായി സിവില്‍ ഡിഫന്‍സ് ഫോഴ്സ് വൊളന്റിയര്‍മാരുമുണ്ട്.
കൂടുതൽ അറസ്റ്റുണ്ടാകും -ജില്ലാ പോലീസ് മേധാവി
നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു. നാവികസേനയുടെ നേതൃത്വത്തിൽ എടവണ്ണ ചാലിയാർ പുഴയിൽ തിരച്ചിൽനടക്കുന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കുപുറമേ പ്രതികളെ സഹായിച്ചവരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്. പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ട്.
മൃതദേഹം തള്ളിയതായി കരുതുന്ന ചാലിയാർ പുഴയിൽ വെള്ളംകൂടിയതും ഒഴുക്കും നാവികസേനയുടെ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നാവികസേനയുടെ തിരച്ചിൽവരും ദിവസങ്ങളിലും തുടരുമെന്നും പോലീസ് മേധാവി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..