ദിവ്യ | Screengrab: Mathrubhumi News
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്ത്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായര്‍(41) അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ എ.ജി.എം. ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ എ.ജി.എം. ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
പ്രതികള്‍ക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. അതേസമയം, ദിവ്യയുടെ ഡയറിയില്‍ മാത്രം ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്. മാത്രമല്ല, 15 കോടിയോളം രൂപ പലരില്‍നിന്നായി വാങ്ങിയതായി ദിവ്യ മൊഴി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ടൈറ്റാനിയം ജോലി തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് പോലീസ് വിലയിരുത്തുന്നത്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു.
മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. പലരും ലക്ഷങ്ങളാണ് ഈ ജോലിക്ക് വേണ്ടി നല്‍കിയത്. 2018 മുതല്‍ പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് ആരംഭിച്ചതായാണ് വിവരം.
ടൈറ്റാനിയത്തില്‍ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കി ദിവ്യയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതുകണ്ട് ബന്ധപ്പെടുന്നവര്‍ക്ക് ദിവ്യ ഫോണ്‍നമ്പര്‍ നല്‍കും. തുടര്‍ന്ന് ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. തിരുവനന്തപുരത്തെ പലയിടത്തുംവെച്ച് കൂടിക്കാഴ്ചകളും സംഘടിപ്പിക്കും. ഏറ്റവും അവസാനം ശ്യാംലാല്‍ അടക്കമുള്ളവര്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനെന്ന് പറഞ്ഞ് കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. കാറില്‍ കയറിയാലുടന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ നിര്‍ദേശം. തുടര്‍ന്ന് ടൈറ്റാനിയത്തില്‍ ശശികുമാരന്‍ തമ്പിയുടെ കാബിനിലേക്കാണ് ഉദ്യോഗാര്‍ഥികളെ കൂട്ടിക്കൊണ്ടുപോയിരുന്നത്. ഇവിടെവെച്ച് ഇന്റര്‍വ്യൂ നടത്തുന്നതോടെ ഉദ്യോഗാര്‍ഥികളുടെ വിശ്വാസം ആര്‍ജിക്കും. പിന്നാലെ ബാക്കി തുകയും കൈക്കലാക്കും. 15 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നും അറിയിക്കും. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവൊന്നും ലഭിക്കാതായതോടെയാണ് പലര്‍ക്കും തട്ടിപ്പ് ബോധ്യമായത്.
Content Highlights: travancore titanium job fraud case police investigation divya nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..