
ഷൈബിൻ അഷ്റഫ് സുൽത്താൻബത്തേരി പുത്തൻകുന്നിൽ നിർമിക്കുന്ന വീട്
സുല്‍ത്താന്‍ ബത്തേരി: കൊടുംകുറ്റവാളിയായ ഷൈബിന്‍ അഷ്റഫിന് മികച്ച സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദവും. പ്ലസ് ടു യോഗ്യത മാത്രമുള്ള ഷൈബിന്‍ വിദേശസര്‍വകലാശാലയില്‍നിന്നാണ് ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മലേഷ്യയില്‍നിന്നാണെന്നാണു സൂചന.
ഡോക്ടറേറ്റ് നേടിയ ഷൈബിനെ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 2014-ല്‍ ആദരിച്ചിരുന്നു. എസ്.എസ്.എല്‍.സി. അടക്കമുള്ള വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കാന്‍ ടൗണിനു സമീപത്തുള്ള ഒരു സംഘടനയുടെ സ്ഥാപനത്തില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇത്. അന്നത്തെ സ്വീകരണയോഗത്തില്‍ ഷൈബിനെ വാനോളം പുകഴ്ത്തിയ നേതാക്കള്‍ ഇന്ന് ഷൈബിനുമായി ഒരു ബന്ധവുമില്ലെന്നു സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ്.
പണമെറിഞ്ഞ് ബന്ധങ്ങളുണ്ടാക്കി
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി അടുപ്പം സ്ഥാപിക്കാന്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ഷൈബിന്‍ വിരുന്നുസത്കാരങ്ങളടക്കം സംഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.
ഉദ്യോഗസ്ഥരെയും നേതാക്കള്‍ അടക്കമുള്ളവരെയും ക്ഷണിച്ച് മദ്യവും പണവും നല്‍കി സത്കരിച്ചു. ഈ ബന്ധങ്ങള്‍ മറ്റുപല കാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ മുമ്പ് ബത്തേരി പോലീസ് സ്റ്റേഷനില്‍ എസ്.ഐ.യായിരുന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ചാണ് തനിക്കെതിരേവന്ന പരാതികള്‍ ഷൈബിന്‍ ഒതുക്കിത്തീര്‍ത്തത്. ബത്തേരിയിലെ മയക്കുമരുന്ന്-ഗുണ്ടാമാഫിയാ സംഘത്തലവന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന് ഷൈബിനെതിരേ ബത്തേരി സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. എസ്.ഐ. ഇടപെട്ടാണ് ഈ കേസ് പിന്‍വലിപ്പിച്ചത്.
പരാതിക്കാര്‍ക്ക് തായ്ലാന്‍ഡിലേക്ക് വിനോദസഞ്ചാരയാത്ര ഒരുക്കിയും വലിയ തുക പ്രതിഫലം നല്‍കിയുമാണ് ഷൈബിന്‍ കേസ് പിന്‍വലിപ്പിച്ചത്. ജോലിയില്‍നിന്നു വിരമിച്ചശേഷം ഷൈബിന്റെ സഹായിയും നിയമോപദേശകനുമായി മാറിയ എസ്.ഐ.ക്ക് മാസം മൂന്നുലക്ഷത്തോളം രൂപ ശമ്പളം നല്‍കിയിരുന്നതായും വിവരമുണ്ട്. ഇതേക്കുറിച്ച് ഇയാള്‍ തന്നെയാണ് നാട്ടുകാരോടു പറഞ്ഞത്.
പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ നോട്ടുകള്‍ ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയെടുക്കാന്‍ ഈ മുന്‍ ഉദ്യോഗസ്ഥന്‍ എത്തിയിരുന്നതായും ആളുകള്‍ കണ്ടിട്ടുണ്ട്.
തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നില്‍
പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ അടക്കമുള്ള ഷൈബിന്‍ അഷ്റഫിന്റെ കൂട്ടാളികള്‍ ബത്തേരിയില്‍ സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഒരു വീട്ടിലാണ്. ഷൈബിന്‍ ബത്തേരിയിലെത്തുമ്പോള്‍ മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തെ ഒരുനിലവീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെന്നാണു വിവരം.
ലോക്ഡൗണ്‍കാലത്തടക്കം ഷൈബിനും കൂട്ടാളികളും ഇവിടെ തങ്ങിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. രാപകല്‍ വ്യത്യാസമില്ലാതെ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ വീട്ടില്‍ സ്ഥിരമായി വന്നുപോയിരുന്നതായും സമീപവാസികള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..