ആക്രമണത്തിൽ പരിക്കേറ്റവർ(ഇടത്ത്) ആക്രമണത്തിനിടെയുള്ള ദൃശ്യം(വലത്ത്) Photo: Instagram/jatin_sharma_117 & twitter.com/tweet_sandeep
പനജി: ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരേ ക്രൂരമായ ആക്രമണം. ഡല്‍ഹി സ്വദേശിയായ ജതിന്‍ ശര്‍മയ്ക്കും കുടുംബത്തിനും നേരേയാണ് അന്‍ജുനയിലെ 'സ്പാസിയോ ലെയ്ഷര്‍' റിസോര്‍ട്ടിന് പുറത്ത് ആക്രമണമുണ്ടായത്. വാളുകളും കത്തികളുമായി ഒരുസംഘം ക്രിമിനലുകള്‍ തങ്ങളെ ആക്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങളും ചില പ്രതികളുടെ ചിത്രങ്ങളും ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ജതിനും കുടുംബവും താമസിച്ചിരുന്ന റിസോര്‍ട്ടിലെ ജീവനക്കാരനെതിരേ ഇവര്‍ കഴിഞ്ഞദിവസം പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റിസോര്‍ട്ട് മാനേജര്‍ ജീവനക്കാരന് താക്കീത് നല്‍കുകയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതോടെ കുപിതനായ ജീവനക്കാരന്‍ തന്റെ സുഹൃത്തുക്കളുമായെത്തി ജതിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചോരയൊലിച്ച് കിടക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും നിസ്സാരവകുപ്പുകളാണ് പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നാലുപ്രതികളെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും നിസ്സാരവകുപ്പുകള്‍ ചുമത്തി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. മാത്രമല്ല, എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. അന്‍ജുനയിലെ സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇതിനുപിന്നാലെ സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസും അറിയിച്ചു. പ്രതികള്‍ക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്‍ജുന പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോര്‍ത്ത് ഗോവ എസ്.പി. നിഥിന്‍ വത്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: tourist family from delhi brutally attacked in goa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..