പ്രതീകാത്മക ചിത്രം | Photo: PTI
വിതുര: ഓണ്‍ലൈനിലൂടെ ആഹാരം ബുക്ക് ചെയ്യുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും പെണ്‍കുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്നയാള്‍ പിടിയില്‍. ഇങ്ങനെ പരിചയപ്പെട്ട വിതുര സ്വദേശിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കേസില്‍ തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴി റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് മുക്കോലയ്ക്കല്‍ ഇടവിളാകത്തു വീട്ടില്‍ അഖിലി(21)നെ വിതുര പോലീസ് അറസ്റ്റുചെയ്തു.
ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യുന്ന സ്ഥലങ്ങളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തംകൂടി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെയാണ് വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഈ മാസം 24-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് വിതുര സി.ഐ. അജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഖിലിനെ പിടികൂടിയത്. തന്നെ നിര്‍ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. രണ്ടുവര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവില്‍ ഡെലിവറി ബോയ് ആയി ജോലി നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുമായി അഖില്‍ ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വിവാഹം കഴിപ്പിച്ചുനല്‍കി. ഈ ബന്ധത്തില്‍ എട്ടു മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: torture, online food supplier arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..