Photo: Mathrubhumi
ചണ്ഡീഗഢ്: പഞ്ചാബില്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ജീവനൊടുക്കി. ലെഫ്. കേണലായ നിഷാന്ത് പര്‍മാര്‍(44) ആണ് ഭാര്യ ഡിംപിളി(42)നെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ദമ്പതിമാരുടെ വീട്ടില്‍നിന്ന് സൈനിക ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും ഭാര്യയെ ആക്രമിച്ചത് താനാണെന്ന് നിഷാന്ത് കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഫിറോസ്പുര്‍ സൈനികക്യാമ്പിലെ ഉദ്യോഗസ്ഥനായ നിഷാന്ത് ഹിമാചല്‍പ്രദേശ് സ്വദേശിയാണ്. ഭാര്യ ഡിംപിള്‍ ഡെറാഡൂണ്‍ സ്വദേശിയും. ഞായറാഴ്ച രാത്രി 9.15-ഓടെ ക്യാമ്പിലെ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച നിഷാന്ത്, പിന്നാലെ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിക്കാനായി വീട്ടിലേക്ക് ഫോണ്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വീട്ടിലെത്തി പരിശോധിച്ചപ്പോളാണ് നിഷാന്തിന്റെ ഭാര്യയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
അടുത്തിടെയായി ദമ്പതിമാര്‍ക്കിടയില്‍ ചില പ്രശ്നങ്ങള്നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ദമ്പതിമാര്‍ പതിവായി കൗണ്‍സിലിങ്ങിന് പോയിരുന്നതായും ഫിറോസ്പുര്‍ എസ്.എച്ച്.ഒ. നവീന്‍ ശര്‍മ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദമ്പതിമാര്‍ക്ക് ഒരു മകനുണ്ടെങ്കിലും ഇവര്‍ക്കൊപ്പമായിരുന്നില്ല താമസം. ഞായറാഴ്ച രാത്രി ഭാര്യയെ മര്‍ദിച്ച നിഷാന്ത്, പിന്നീട് കഴുത്ത് ഞെരിച്ചതായും പോലീസ് പറഞ്ഞു. ഇതിനുശേഷം വീട്ടില്‍നിന്നിറങ്ങിയ സൈനിക ഉദ്യോഗസ്ഥന് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസിന് പുറമേ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: top army officer commits suicide after killing wife in punjab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..