ഒരു തുള്ളി ഉമിനീര്‍ മതി, ഉപയോഗിച്ച ലഹരി ഏതെന്നറിയാം, ടൂള്‍കിറ്റുമായി പരിശോധനയ്ക്ക് എക്‌സൈസ്‌


വിഷ്ണു കോട്ടാങ്ങല്‍

നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ ഡീ അഡിക്ഷനും കൗണ്‍സിലിങ്ങിനും തയ്യാറായാല്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി ലഹരിമുക്ത ജീവിതത്തിലേക്ക് പോകാന്‍ എക്സൈസ് വകുപ്പ് സഹായിക്കും.

ടുൾകിറ്റ്

തിരുവനന്തപുരം: നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാനുള്ള കിറ്റുമായി എക്സൈസ് വകുപ്പ്. നിരോധിത ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനുപയോഗിക്കുന്ന അബോണ്‍ കിറ്റുകളുമായി വ്യാപക പരിശോധനയാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായി എം.ഡി.എം.എ. അടക്കമുള്ള സിന്തറ്റിക് ലഹരി വസ്തുക്കള്‍ എത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

വിദ്യാര്‍ഥികളില്‍ പോലും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്ത്രപരമായ പരിശോധനയുമായി എക്സൈസ് നീങ്ങുന്നത്. ഉമിനീരില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന അബോണ്‍ പരിശോധന കിറ്റുമായാണ്‌ എക്സൈസ് രംഗത്തിറക്കിയിരിക്കുന്നത്. എം.ഡി.എം.എ., കൊക്കെയ്ന്‍, എല്‍.എസ്.ഡി., കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഞ്ചാവുള്‍പ്പെടെയുള്ള നിരോധിത ലഹരികള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ സംശയം തോന്നിയാല്‍ കസ്റ്റഡിയിലെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്.

ഈയൊരു സമയനഷ്ടം ഒഴിവാക്കാന്‍ പുതിയ കിറ്റ് ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ പരിശോധന നടത്തി കിറ്റ് ഉപയോഗപ്രദമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവരെ ആകെ 10,000 കിറ്റുകള്‍ മാത്രമാണ് എക്സൈസ് വാങ്ങിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയുണ്ടാകും.

തുടര്‍ന്നും കൂടുതല്‍ ടെസ്റ്റിങ് കിറ്റുകള്‍ വരുത്തി പരിശോധന വര്‍ധിപ്പിക്കാനാണ് എക്സൈസ് ലക്ഷ്യമിടുന്നത്. നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ ഡീ അഡിക്ഷനും കൗണ്‍സിലിങ്ങിനും തയ്യാറായാല്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി ലഹരിമുക്ത ജീവിതത്തിലേക്ക് പോകാന്‍ എക്സൈസ് വകുപ്പ് സഹായിക്കും. പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായവരെ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ എക്സൈസ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം ലഹരിഉപയോഗിച്ച് മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും. മാത്രമല്ല ലഹരിമരുന്ന് കിട്ടിയതെവിടെ നിന്നാണെന്ന വിവരം എക്‌സൈസിന് നല്‍കേണ്ടിയും വരും.

പരിശോധന രീതി ഇങ്ങനെ

അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്നപക്ഷം ഉടനടി എടുത്തുപയോഗിക്കാന്‍ പറ്റുന്ന പാകത്തിന് സജ്ജമാക്കിയതാണ് ഈ കിറ്റ്. ഇതുപയോഗിച്ച് ഒറ്റത്തവണകൊണ്ട് ഒന്നിലധികം ലഹരി പരിശോധന നടത്താനും അതുവഴി ഏത് ലഹരിവസ്തുവാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനും സാധിക്കും. ഗുജറാത്തിലെ വഡോദരയിലാണ് ഇത്തരമൊരു ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് രാജ്യത്ത് ആദ്യം തുടക്കമിട്ടത്. ലോറി ഡ്രൈവര്‍മാരിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ധിക്കുന്നത് തടയാനായാണ് ഗുജറാത്ത് പോലീസ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. ഈ മാതൃകയിലാണ് കേരളത്തിലും പരിശോധന നടത്തുക.

ഇതിന് ഉമിനീര്‍ മാത്രം ശേഖരിച്ചാല്‍ മതിയാകും. പത്ത് സെന്റീമീറ്റര്‍ നീളമുള്ള കിറ്റിനുള്ളില്‍ സ്‌പോഞ്ച് ചുറ്റിയ നീഡില്‍, ടെസ്റ്റിനുള്ള ദ്രാവകം എന്നിവയുണ്ട്. ഉമിനീര്‍ ശേഖരിക്കാന്‍ കിറ്റിനുള്ളില്‍ സ്‌പോഞ്ച് ഉള്‍പ്പെടുന്ന ഭാഗം ഉപയോഗിക്കും. ഇതുവഴി ശേഖരിക്കുന്ന ഉമിനീര്‍ ടെസ്റ്റ് കിറ്റിനുള്ളിലെ ദ്രാവകത്തിലേക്ക് മാറ്റും. ഇങ്ങനെ മാറ്റുമ്പോള്‍ സ്‌പോഞ്ചിന് നിറമാറ്റം ഉണ്ടെങ്കില്‍ അതുവെച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താം. സാധാരണ രക്ത പരിശോധനയ്ക്ക് സമ്മതം വാങ്ങണമെന്നാണ് നിയമം. സംശയം തോന്നിയതിന്റെ പേരില്‍ ഒരാളില്‍ നിന്ന് രക്തം പരിശോധനയ്ക്കായി ശേഖരിക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അയാള്‍ എന്തെങ്കിലും നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെടണം. ഉമിനീര്‍ ആകുമ്പോള്‍ ആ പ്രശ്‌നം ഉദിക്കുന്നില്ല.

ലഹരിയില്‍നിന്ന് മോചിപ്പിക്കല്‍ പ്രധാന ലക്ഷ്യം

യുവാക്കളെയും വിദ്യാര്‍ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന അകറ്റി നിര്‍ത്തുകയെന്നതാണ് പരിശോധന കിറ്റുപയോഗിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. അല്ലാതെ വ്യാപകമായ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ടിയല്ല. ലഹരി ഉപയോഗിച്ചവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ പ്രേരിപ്പിക്കും. അതിനുള്ള പിന്തുണ എക്‌സൈസ് വകുപ്പ് നല്‍കും. അതേസമയം ഇത്തരം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകും. കിറ്റുപയോഗിച്ച് ഭാവിയില്‍ കൂടുതല്‍ പരിശോധനകളുണ്ടാകും - ഇ. എന്‍. സുരേഷ്, അഡീ. എക്‌സൈസ് കമ്മീഷണര്‍.

Content Highlights: toolkit for finding usage of intoxication

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented