പുകയിലക്കടത്ത് പുറത്തുവന്നത് CPMലെ ചേരിപ്പോരുമൂലം; നേതാക്കളിലേക്കടക്കം പടര്‍ന്ന ലഹരിബന്ധം


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിരോധിത പുകയിലക്കടത്തിനിടെ സി.പി.എം. നേതാവ് ഷാനവാസിന്റെ ലോറി പിടിയിലായത് പോലീസിനു ലഭിച്ച രഹസ്യവിവരത്തിലൂടെ. ഇതിനുപിന്നിൽ സി.പി.എമ്മിലെ ഒരു ചേരിയാണെന്നു പറയുന്നു. കാലങ്ങളായി ഇത്തരം ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടി പിന്തുടർന്ന് വിവരം നൽകുകയായിരുന്നെന്ന സൂചനയുണ്ട്.

അടുത്തിടെ അശ്ലീലവീഡിയോദൃശ്യം സൂക്ഷിച്ച നേതാവിനെതിരേ സംസ്ഥാനനേതൃത്വത്തിന് ഷാനവാസിനെ അനുകൂലിക്കുന്നവർ പരാതിനൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാനവാസിനെതിരേ പോലീസിനു രഹസ്യവിവരം നൽകിയതെന്നാണു സൂചന.

സി.പി.എം. പാർട്ടി സമ്മേളനങ്ങളിൽ രണ്ടുചേരിയായി പൊരുതിയെങ്കിലും ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി ഷാനവാസിനെ പിന്തുണയ്ക്കുന്നവർ പിടിച്ചെടുത്തു. ഷാനവാസ് ഉൾപ്പെട്ട ഈ ഏരിയ കമ്മിറ്റിയിൽ അദ്ദേഹത്തിനെതിരേ വിമർശനം ഉണ്ടാകാറില്ല. കഴിഞ്ഞദിവസം കോടിരൂപയുടെ നിരോധിത പുകയില പിടികൂടിയതിനെത്തുടർന്ന് ഷാനവാസിനോടു വിശദീകരണം ചോദിക്കാൻ വിളിച്ചുചേർത്ത യോഗം അതിനു തെളിവാണ്. ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന 14 പേരിൽ 12 പേരും ഷാനവാസിനെതിരേ നടപടിയാവശ്യമില്ലെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ഉന്നതരായ നേതാക്കളുടെ പോരിൽ കക്ഷിചേർന്ന് അവരുടെ പ്രീതിപറ്റിയാണ് ആലപ്പുഴയിൽ ഒരുസംഘം മയക്കുമരുന്നു വിപണനം, ഭൂമി തട്ടിയെടുക്കൽ, നിലംനികത്ത്, ക്വട്ടേഷൻ ആക്രമണം എന്നിവയെല്ലാം നടത്തുന്നതെന്നാണ് പാർട്ടിയിലെതന്നെ സംസാരം.

എല്ലാ കേസിലും പോലീസിനെ സ്വാധീനിച്ച് നിമിഷങ്ങൾക്കകം ഇറങ്ങിപ്പോകുന്നതിനാണ് ഇവർ ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചിരുന്നത്.

55 ലക്ഷം രൂപയുടെ പുകയില ഉത്‌പന്നങ്ങൾ പിടിച്ച കേസിലും ഇജാസ് പ്രതി
55 ലക്ഷം രൂപയുടെ നിരോധിത പുകയിലയുത്‌പന്നങ്ങളുമായി ആലപ്പുഴ സീവ്യൂ വാർഡ് ഇജാസ് മൻസിലിൽ ഇജാസ് മുമ്പും പിടിയിലായിട്ടുണ്ട്.

ഓഗസ്റ്റ് 24-നു വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ നഗരത്തിൽവെച്ചാണു പിടിവീണത്. ഇയാൾക്കൊപ്പം രണ്ടുപ്രതികൾ കൂടിയുണ്ടായിരുന്നു.

വെളുത്തുള്ളിച്ചാക്കുകൾക്കുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 90,000 പായ്ക്കറ്റ് നിരോധിത ഉത്‌പന്നങ്ങൾ എക്സൈസാണു പിടികൂടിയത്. ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോവുകയായിരുന്നു ഇവ. എന്നാൽ, സ്വാധീനമുപയോഗിച്ച് ഇജാസ് വേഗം പുറത്തിറങ്ങി.

ഇയാൾക്ക് സി.പി.എം. നേതാവ് ഷാനവാസുമായി അടുത്ത ബന്ധമാണുള്ളത്. ഇടുക്കി നെടുങ്കണ്ടത്തുള്ള ജയന് വാടകയ്ക്കു വണ്ടി കൊടുത്തതാണെന്നാണ് ഷാനവാസ് വിശദീകരിച്ചിട്ടുള്ളത്.

ജില്ലയിലെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളിലേക്കുൾപ്പെടെ പടർന്ന ലഹരിബന്ധം

കരുനാഗപ്പള്ളിയിലെ കോടിയുടെ നിരോധിത പുകയില പിടികൂടിയപ്പോൾ ആലപ്പുഴയിലെ സി.പി.എമ്മിലും ഡി.വൈ.എഫ്.ഐ.യിലും എസ്.എഫ്.ഐ.യിലും ഞെട്ടലുണ്ടായി. ഈ മൂന്നുസംഘടനകളിലും നേതൃനിരയിൽ പ്രവർത്തിക്കുന്ന ചിലർക്ക് വണ്ടിയുടെ ഉടമ ഷാനവാസുമായി അടുത്ത ബന്ധമാണുള്ളത്. പിടികൂടിയ ഇജാസ് ഉൾപ്പെടെയുള്ള പ്രതികളുമായും ഇവർ അടുത്തിടപഴകിയിട്ടുണ്ട്.

ജനുവരി മൂന്നിനു ചാത്തനാട്ടെ വീട്ടിൽ ഷാനവാസിന്റെ പിറന്നാളാഘോഷത്തിന് ഇവരെല്ലാം ആഹ്ലാദം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയപ്പോൾ അതിന്റെ ആനുകൂല്യംപറ്റാൻ കടന്നുകൂടിയ ചിലർ ഇത്തരക്കാർക്ക് സഹായം ചെയ്യുന്നുവെന്നാണു പാർട്ടി നേരത്തേ വിലയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ജില്ലാസമ്മേളനത്തിലെ റിപ്പോർട്ടിലും ഈ പരാമർശമുണ്ടായിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ച് വൻലഹരി മാഫിയ പ്രവർത്തിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നതാണു തന്നെ ആക്രമിക്കാനും വാഹനംകത്തിക്കാനും കാരണമായതെന്ന് മുൻ പോലിസ് ഉദ്യോഗസ്ഥൻ അലി അക്ബർ പറഞ്ഞു.

കോടിയിലധികം രൂപയുടെ ലഹരിക്കടത്തു പിടികൂടിയ കേസിലെ പ്രതികളുടെ വീടോ ബന്ധമുള്ള സ്ഥാപനങ്ങളോ പോലീസ് റെയ്ഡ് ചെയ്തിട്ടില്ല. ആലപ്പുഴയിൽനിന്നാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുപോയതെന്ന പ്രാഥമിക വിവരം കിട്ടിയെങ്കിലും തുടർപരിശോധനകൾ നടന്നില്ല. പഴം, പച്ചക്കറി വിൽപ്പനയുടെ മറവിലും മറ്റുമായി ആലപ്പുഴയിൽ വൻതോതിൽ പാൻമസാല ഉത്‌പന്നങ്ങൾ എത്തിക്കുന്നതായി വിവരമുണ്ടായിരുന്നെങ്കിലും പോലീസ് കാര്യമായ ഇടപെടൽ നടത്തിയില്ല. പുന്നപ്രയിൽ പ്രതികൾക്കു ബന്ധമുള്ള സവാളക്കട കേന്ദ്രീകരിച്ചു കൈമാറ്റം നടന്നതായും ആരോപണമുണ്ടായിരുന്നു.

സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തെ സസ്പെൻഡുചെയ്തു;മുഖ്യപ്രതിയായ ബ്രാഞ്ചംഗത്തെ പുറത്താക്കി


കോടിയിലധികംരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ ആരോപണവിധേയനായ സി.പി.എം. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എ. ഷാനവാസിനെ പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡു ചെയ്തു. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സീവ്യു വാർഡ് പടിഞ്ഞാറ് ബ്രാഞ്ചംഗവുമായ ഇജാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ചൊവ്വാഴ്ച രാത്രി ചേർന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു നടപടി.

ഞായറാഴ്ച പുലർച്ചേ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയിലയുത്പന്നങ്ങൾ കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. സംഭവത്തിൽ ഇജാസ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഇതു കൊണ്ടുവന്ന ലോറി ഷാനവാസിന്റേതാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് നടപടിയെടുത്തത്.

ഷാനവാസിനെ പോലീസ് ചോദ്യംചെയ്യും. 35 ലക്ഷം രൂപ വിലവരുന്ന ലോറി വാങ്ങിയ വിവരം പാർട്ടിയെ അറിയിക്കാത്തത് തെറ്റാണെന്ന് സി.പി.എം. നേതൃയോഗം വിലയിരുത്തി. വാഹനം വാടകയ്ക്കു കൊടുത്തിരുന്ന വിവരമോ കരാറോ പാർട്ടിയെ അറിയിച്ചിരുന്നില്ല. പ്രശ്നത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

Content Highlights: tobacco smuggling- CPM; Addiction spread to the leaders as well


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented