പ്രതികളായ ഇജാസ്, സജാദ്, ഷമീർ എന്നിവർ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍നിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സീ വ്യൂ വാര്‍ഡ് ഇജാസ് മന്‍സിലില്‍ ഇജാസ് (27), വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജിയെന്നുവിളിക്കുന്ന സജാദ് (28), കരുനാഗപ്പള്ളി പുത്തന്‍തെരുവ് പനങ്ങോട്ടുമുക്ക് കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍ (39) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്മാരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി ഹൈസ്കൂള്‍ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഒരു ലോറിയില്‍ ഉണ്ടായിരുന്ന കരുനാഗപ്പള്ളി വേങ്ങറ നമസി മന്‍സിലില്‍ തൗസി(30)മിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍കൂടി അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
അതേസമയം, പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്ന ലോറികളിലൊന്ന് സി.പി.എം.നേതാവും ആലപ്പുഴ നഗരസഭാ കൗണ്‍സിലറുമായ എ.ഷാനവാസിന്റെ പേരിലുള്ളതാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ കടത്തിയ സംഭവവുമായി ഷാനവാസിനു ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, തന്റെ ലോറി കട്ടപ്പന സ്വദേശിയായ ഒരാള്‍ക്ക് മാസവാടകയ്ക്കു നല്കിയിരിക്കുകയാണെന്നതു സംബന്ധിച്ച രേഖകള്‍ ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്.
ഷാനവാസിനും മറ്റൊരു ലോറി ഉടമയായ ആലപ്പുഴ സ്വദേശി അന്‍സറിനും വിശദീകരണം ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കും. ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങള്‍ സംഭരിച്ച് സമീപ ജില്ലകളിലടക്കം വിതരണംചെയ്യുന്ന വന്‍സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.കരുനാഗപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ ശ്രീലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ ഷാജിമോന്‍, കലാധരന്‍, എസ്.സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒ. ഹാഷിം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: tobacco hunt in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..