ദിവ്യനായർ, ശശികുമാരൻ തമ്പി
തിരുവനന്തപുരം: ടൈറ്റാനിയം ജോലിതട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതോടെ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ കൂടുതല്‍ പേരുടെ പങ്ക് വെളിച്ചത്തുവരുന്നു. എന്നാല്‍, പ്രധാന ഇടനിലക്കാരിയായ ദിവ്യാ നായരെ അറസ്റ്റു ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും തട്ടിപ്പിന് ഒത്താശ ചെയ്ത ഉന്നതരുള്‍പ്പെടെയുള്ളവരെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എം.എല്‍.എ. ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മനോജിനെതിരേ ശനിയാഴ്ച കേസെടുത്തിട്ടുണ്ട്. ഇയാളും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. മനോജിന്റെ വാഹനത്തിലാണ് ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനെത്തിച്ചിരുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി മനോജ് കോടതിയെ സമീപിച്ചതായാണ് വിവരം. ശശികുമാരന്‍ തമ്പിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള കൂടുതല്‍ ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സി.ഐ.ടി.യു. നേതാവിനെതിരേ വെള്ളിയാഴ്ച പ്രത്യേക സംഘം കേസെടുത്തിരുന്നു.
കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ടൈറ്റാനിയത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി ശശികുമാരന്‍ തമ്പി നടത്തിയത്. ടൈറ്റാനിയത്തില്‍ നിരവധി തവണ പോലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെങ്കിലും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.
ഇതിനിടെ ദിവ്യാനായര്‍ ബെവ്കോയിലും ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതിയുയര്‍ന്നു. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍നിന്ന് മൂന്നുലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബാങ്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ തുക നല്‍കിയത്. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് യുവതി പരാതി നല്‍കിയത്. 2018 മുതല്‍ ദിവ്യാനായരും സംഘവും തട്ടിപ്പ് നടത്തുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി വലുതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Content Highlights: titanium job fraud case mla hostel employee in accused list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..