ദിവ്യനായർ, ശശികുമാരൻ തമ്പി
തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിക്കും. ബുധനാഴ്ച പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് സൂചന.
തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ ചുമതലപ്പെടുത്തുന്നത്. വെഞ്ഞാറമൂട്, പൂജപ്പുര സ്റ്റേഷനുകളാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അമരവിള സ്വദേശിയായ അധ്യാപകന്‍ ഷംനാദിനെതിരേ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു.
ഇതിനിടെ കേസിലെ ഒന്നാം പ്രതി ദിവ്യാ നായരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യാ നായരെ വെഞ്ഞാറമൂട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ഞായറാഴ്ച വെഞ്ഞാറമൂട് പോലീസ് ഇവരെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ജോലി തട്ടിപ്പില്‍ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയം ഓഫീസില്‍ രണ്ടാം ദിവസവും പോലീസ് പരിശോധന നടത്തി.
ടൈറ്റാനിയത്തിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പി, ശശികുമാരന്‍ തമ്പിയുടെ സുഹൃത്തുക്കളായ ശ്യാംലാല്‍, പ്രേംകുമാര്‍, ദിവ്യാ നായരുടെ ഭര്‍ത്താവ് രാജേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികള്‍ക്കായി മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ടൈറ്റാനിയത്തില്‍ രണ്ടുദിവസമായി നടത്തിയ പരിശോധനയില്‍ നിരവധി രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ ഉദ്യോഗാര്‍ഥികളുടെ പട്ടികയും ബയോഡാറ്റകളും ഉള്‍പ്പെടുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് മനസ്സിലാക്കിയാലാണ് തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാനാകൂവെന്നാണ് പോലീസ് വിലയിരുത്തല്‍.
പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന തുടരുകയാണ്. 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ നിഗമനം. കെമിസ്റ്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍, ജൂനിയര്‍ എന്‍ജിനിയര്‍, പ്ലംബര്‍, വര്‍ക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2018 മുതല്‍ പലരില്‍നിന്ന് സംഘം തുക വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജോലി ലഭിക്കാത്തവരെ താത്കാലിക തസ്തികകളില്‍ നിയമനം നല്‍കുമെന്ന് പറഞ്ഞ് അപേക്ഷകള്‍ എഴുതിവാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയം ഓഫീസുമായി അടുത്ത ബന്ധമുള്ള ശ്യാംലാലിന്റെ ബന്ധുവായ അഭിഭാഷകയ്ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലീഗല്‍ ഓഫീസറുടെ മേല്‍വിലാസം തട്ടിപ്പിനു വഴിയൊരുക്കി
തിരുവനന്തപുരം: ടൈറ്റാനിയത്തിലെ ലീഗല്‍ ഓഫീസറായ ശശികുമാരന്‍ തമ്പിയുടെ മേല്‍വിലാസമുപയോഗിച്ചാണ്, ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയത്. ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും തട്ടിപ്പിനു പ്രതികളെ സഹായിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
ലീഗല്‍ ഓഫീസറായ ശശികുമാരന്‍ തമ്പിക്ക് പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലും വലിയ സ്വാധീനമാണുണ്ടായിരുന്നത്. ടൈറ്റാനിയത്തിലെ നിയമനങ്ങളുള്‍പ്പെടെ നടക്കുന്ന പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സ്വാധീനവും നിയമനത്തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയുടെ കേസ് നടത്തിപ്പിന്റെയും ആഭ്യന്തര പരാതി പരിഹാരസെല്ലിന്റെയും ചുമതല വഹിച്ചിരുന്നതിനാല്‍, ശശികുമാരന്‍ തമ്പിക്ക് പല കാര്യത്തിലും ജീവനക്കാരും വഴിവിട്ട സഹായങ്ങള്‍ നല്‍കിയിരുന്നതായി ആരോപണമുണ്ട്.
ഓരോകാലത്തും ഭരണത്തിലുള്ള മുന്നണിയുടെ യൂണിയനുകളുമായി നല്ല ബന്ധം സ്ഥാപിച്ചും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ തട്ടിപ്പിനു രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസിലെ ഒന്നാം പ്രതി ദിവ്യ ഫെയ്സ്ബുക്കിലൂടെ നല്‍കുന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ശ്യാംലാലും മറ്റുള്ളവരും ചേര്‍ന്ന് ഇന്റര്‍വ്യൂവിനെന്നപേരില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും.
ശശികുമാരന്‍ തമ്പിയുടെ കാബിനില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തുക വാങ്ങുന്നത്. ടൈറ്റാനിയത്തിനുള്ളില്‍നിന്നു പിന്തുണ ലഭിച്ചതുകൊണ്ടാണ് ഉദ്യോഗാര്‍ഥികളെ ഓഫീസിലെത്തിച്ച് ഇന്റര്‍വ്യൂ നടത്താനായത്.
ബോഡി ബില്‍ഡറും പവര്‍ ലിഫ്റ്ററുമായ മണക്കാട് സ്വദേശിയായ ശ്യാംലാലും ശശികുമാരന്‍ തമ്പിയും സഹപാഠികളാണ്. ഈ സൗഹൃദം ശ്യാംലാലിന് ടൈറ്റാനിയം ഓഫീസിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കി. ശ്യാംലാലിന്റെ കാറിലാണ് തട്ടിപ്പിനിരയായവരെ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത്. ഇവരോട് മൊബൈല്‍ സ്വിച്ച് ഓഫാക്കാനും ഇവര്‍ നിര്‍ദേശിക്കും. സ്ഥാപനത്തിന്റെ പ്രവേശനകവാടത്തിലുള്‍പ്പെടെ ശ്യാംലാലിനുള്ള സ്വാധീനം പരിശോധനകള്‍ കൂടാതെ ഇവര്‍ക്ക് അകത്തേയ്ക്കുള്ള വഴി സുഗമമാക്കിയിരുന്നു.
Content Highlights: titanium job fraud case divya nair in police custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..