ഷഹൽ
തിരൂര്‍: തിരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോട്ടറി ചൂതാട്ടസംഘത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കി നല്കിയ എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവ് പിടിയില്‍.
പള്ളിക്കല്‍ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹല്‍ (25) നെയാണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറിക്കേസില്‍ പോലീസ് അറസ്റ്റുചെയ്ത രണ്ടുപ്രതികളില്നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഹലിനെ പിടികൂടിയത്.
സംഘത്തിലെ പ്രധാനിയായ തിരൂര്‍ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫിയെയാണ് (36) കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. അഹമ്മദ്ഷാഫിയില്നിന്ന് ഒരുലക്ഷം രൂപ പ്രതിഫലംവാങ്ങി ഒറ്റനമ്പര്‍ ലോട്ടറി സോഫ്റ്റ്വേര്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചുനല്‍കിയത് ഷഹലാണ്. മാസംതോറും അപ്ഡേഷന് ചാര്‍ജ്ജായി 50,000 രൂപ വീതം ഷാഫി കൈപ്പറ്റിയതായും പോലീസ് പറഞ്ഞു.
ആമസോണ്‍ കമ്പനിക്ക് സെര്‍വര്‍ ഉപയോഗത്തിനായി രണ്ടുമാസം കൂടുമ്പോള്‍ 80,000 രൂപ വീതം വാടകയിനത്തില്‍ സംഘം നല്കിവരാറുള്ളതായും കണ്ടെത്തി. മാസംതോറും കോടിക്കണക്കിന് രൂപയാണ് പ്രതികള്‍ക്ക് ലഭിച്ചിരുന്നതെന്നും ആപ്ലിക്കേഷനുകളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്ത് ജോലിയുള്ള പിടിയിലായ ഷാഫിയേയും ഗഫൂറിനെയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജന്റുമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും പോലീസ് പറഞ്ഞു.ഷാഫിക്ക് 1,300-ഓളം ഏജന്റുമാര്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. തൃപ്രങ്ങോട് കുരിക്കള്‍പ്പടി സ്വദേശി നാലകത്ത് അബ്ദുള്‍ ഗഫൂര്‍ (42)നെ വാട്ട്സാപ്പും മറ്റു മൊബൈല്‍ ആപ്ലിക്കേഷനും വഴി ലോട്ടറി ചൂതാട്ടം നടത്തിയതിന് കഴിഞ്ഞ ദിവസം തിരൂര്‍ പോലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പ്രത്യേക കോഴ്സ് ചെയ്യുന്നതിനായി എത്തിയതായിരുന്നു ഷഹല്‍. കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനിയറിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് ഷഹല്‍ സോഫ്റ്റ്വേര്‍ നിര്‍മ്മാണം തുടങ്ങിയത്.
മുഹമ്മദ് ഷാഫി ഷഹലിന്റെ സഹപാഠിവഴിയാണ് ഷഹലുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 15, 16, 17, 18 തീയതികളില്‍ മാത്രം അഹമ്മദ് ഷാഫി 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയതായി പോലീസ് സോഫ്റ്റ്വേര്‍ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. ഫാന്‍സിനമ്പര്‍ വരുമ്പോള്‍ റിസല്‍ട്ടിന്റെ എണ്ണം സോഫ്റ്റ്വേറില് വ്യത്യാസംവരുത്തി ഉപഭോക്താവിനെ വഞ്ചിച്ചുവന്നതായും പോലീസ് പറഞ്ഞു.
തിരൂര്‍ സി.ഐ. എം.ജെ. ജിജോ, എസ്.ഐ.മാരായ വി. ജിഷില്‍, സജേഷ് സി. ജോസ്, എ.എസ്.ഐ. പ്രമോദ് ജയപ്രകാശ്, സീനിയര്‍ സി.പി.ഒ.മാരായ രാജേഷ്, ഷിജിത്ത്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടന്, ദില്‍ജിത്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: tirur fake lottery gambling engineer arrested for making mobile app
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..