ശ്രുതി
തൃശ്ശൂര്‍: മുല്ലശ്ശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകള്‍ ശ്രുതി വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. മൂന്നാണ്ട് പിന്നിട്ടിട്ടും കേസ് നീളുകയാണ്. രണ്ടു വര്‍ഷം മുമ്പ നടത്തിയ നുണ പരിശോധനയുടെ റിപ്പോര്‍ട്ടും പുറത്തുവന്നില്ല.
അന്വേഷണത്തെപ്പറ്റി നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടി വൈരുധ്യം നിറഞ്ഞതാണെന്ന ആക്ഷേപവുമുണ്ട്. കേസന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് മുരളി പെരുനെല്ലി എം.എല്‍.എ.യുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു- 'ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തിവരുകയാണ്. ശ്രുതിയുടെ മരണകാരണം ഭര്‍ത്തൃവീട്ടുകാരുടെ മാനസിക പീഡനത്തെത്തുടര്ന്നാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കിരണിനെ ഒന്നാംപ്രതിയായും അമ്മ ദ്രൗപദിയെ രണ്ടാം പ്രതിയായും ഉള്‍പ്പെടുത്തി അന്വേഷണം നടക്കുന്നു.' പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശ്രുതിയുടെ ഭര്‍ത്താവ് അരുണാണ് ഒന്നാം പ്രതി. പക്ഷേ, മുഖ്യമന്ത്രിയുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേര് കിരണ്‍ എന്നാണ്. തുടക്കം മുതല്‍ കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് തെറ്റായ പേര് നല്‍കിയതാണെന്നും ശ്രുതിയുടെ മാതാപിതാക്കള്‍ വിശ്വസിക്കുന്നു.
ബി.െടക് വിദ്യാര്‍ഥിനിയായിരുന്ന ശ്രുതിയുടെ വിവാഹം 2019 ഡിസംബര്‍ 22-നായിരുന്നു. സീനിയര്‍ വിദ്യാര്‍ഥിയായ അരുണുമായി പ്രണയവിവാഹമായിരുന്നു. അന്തിക്കാട് പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി മരിച്ചെന്ന വിവരം മാതാപിതാക്കള്‍ക്ക് കിട്ടിയത് 2020 ജനുവരി ആറിന് രാത്രി ഒന്‍പതിന്. ശൗചാലയത്തില്‍ കുഴഞ്ഞുവീണുമരിച്ചെന്നാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുേമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഇവരുടെ ഏക മകളാണ് ശ്രുതി. ഹൃദ്രോഗിയായ സുബ്രഹ്മണ്യന് കിടപ്പിലായി. ഭാര്യ ശ്രീദേവിക്ക് മാനസികപ്രശ്നവുമുണ്ടായി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്നും റിപ്പോര്‍ട്ട് നല്‍കിയത്. അരുണിനെയും അമ്മ ദ്രൗപദിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: thrissur sruthi death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..