അറസ്റ്റിലായ തൗഫീഖ്, വാറിദ് ഖാൻ എന്നിവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ. ഇൻസെറ്റിൽ കവർച്ചയുടെ സിസിടിവി ദൃശ്യം.
പുതുക്കാട്: ദേശീയപാതയ്ക്ക് സമീപത്തെ എ.ടി.എം. കൗണ്ടറില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഹരിയാന സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാന്(21) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയില്‍ പങ്കാളിയായ മുബാറക് എന്നയാളെ പോലീസ് അന്വേഷിച്ചുവരുന്നു.
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ പാര്‍സല്‍ വാഹനത്തിലെ ജീവനക്കാരാണ് പ്രതികള്‍. ജോലിയുടെ മറവിലാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. പ്രതികളില്‍നിന്ന് പണവും 12 എ.ടി.എം. കാര്‍ഡുകളും പോലീസ് കണ്ടെടുത്തു.
കവര്‍ച്ചക്കാര്‍ ഉപയോഗിച്ചതെന്നു കരുതുന്ന ട്രെയിലര്‍ ലോറി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കവര്‍ച്ചസമയത്ത് കാഴ്ച മറയ്ക്കാന്‍ ഉപയോഗിച്ച ഈ ട്രെയിലറില്ത്തന്നെയാണ് പ്രതികള്‍ രക്ഷപ്പെട്ടതും. ഈ വണ്ടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കുതിരാനില്‍നിന്നാണ് ഇവരെ പോലീസ് പിന്തുടര്ന്ന് പിടികൂടിയത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വാഹനം എവിടെയുണ്ടെന്ന് മനസ്സിലാക്കി പുതുക്കാട് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുകയായിരുന്നു. ഹൈവേ പോലീസ് തടഞ്ഞ വാഹനം കുതിരാനില്‍വെച്ച് കസ്റ്റഡിയിലെടുത്തു. 2018 മുതല്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പ്രതികള്‍ എ.ടി.എം. കവര്‍ച്ച നടത്തി വരുകയായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ജനുവരി 23-നാണ് ദേശീയപാതയ്ക്ക് സമീപം പുതുക്കാട് എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറില്‍നിന്ന് സംഘം പണം തട്ടിയത്. ആറ് അക്കൗണ്ടുകളില്‍നിന്ന് 13 തവണയായി 1,27,500 രൂപ പ്രതികള്‍ തട്ടിയെടുത്തിരുന്നു. ഇതേ ദിവസം എറണാകുളത്തെ നാല് എ.ടി.എം. കൗണ്ടറുകളില്‍നിന്നും സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പതിനായിരത്തില്‍ താഴെ രൂപ പിന്‍വലിക്കുകയാണ് പ്രതികളുടെ രീതി. പണം പുറത്തുവന്നശേഷം കൈവശമുള്ള താക്കോല്‍ കൊണ്ട് യന്ത്രത്തിന്റെ വശം തുറന്ന് ഓഫാക്കും. വിനിമയം പൂര്ത്തിയാക്കുംമുന്പേ യന്ത്രം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബാങ്കുകള്‍ക്ക് ഇടപാട് പൂര്‍ത്തിയായിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുക.
പിന്നീട് ബാങ്കിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ച് പണം ലഭിച്ചിട്ടില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്യും. അതുവഴി ബാങ്കില്‍നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് തുക റീഫണ്ട് ചെയ്തു നല്‍കും. ഇത്തരത്തില്‍ ദിവസേന രണ്ട് ലക്ഷംരൂപയാണ് പ്രതികള്‍ തട്ടിയെടുത്തിരുന്നത്. ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ജോലി തട്ടിപ്പിനുള്ള മറ മാത്രമായിരുന്നുവെന്ന് പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന് പറഞ്ഞു.
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി അവിടെനിന്നുള്ള എ.ടി.എം. കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
എ.ടി.എം. മെഷീന് തുറന്ന താക്കോല്‍ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു. സാധാരണ ഒരു യന്ത്രത്തിന് മൂന്ന് താക്കോലാണ് ഉണ്ടാകുക.
പ്രതികളുമായി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കവര്‍ച്ച സാങ്കേതികത്തികവോടെ
പുതുക്കാട്: എ.ടി.എം. കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ ഹരിയാണ സ്വദേശി വാറിദ് ഖാന് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാള്‍. എന്നാല്‍ ഇവരുടെ സാങ്കേതികത്തികവുള്ള കവര്‍ച്ചാരീതി രാജ്യത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്വേഷണസംഘം പറയുന്നു. തൗഫിഖ് ബിരുദധാരിയാണ്.
എ.ടി.എം. കൗണ്ടറുമായി നേരിട്ട് ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകുന്ന തരത്തിലുള്ള പ്രത്യേക താക്കോല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
പ്രതികളില്‍ നിന്ന് ലഭിച്ച എ.ടി.എം.കാര്‍ഡുകള്‍ ഇവരുടെ സ്വന്തം പേരുകളിലുള്ളതായിരുന്നില്ല. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വലിയ തട്ടിപ്പു സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നേതൃത്വത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന്, എസ്.ഐ. മാരായ സിദ്ദിഖ് അബ്ദുള്‍ ഖാദര്‍, രാമചന്ദ്രന് പോള്‍, എ.എസ്.ഐ. പ്രസന്നന്, എസ്.സി.പി.ഒ. പി.എം. ദിനേഷ്, സി.പി.ഒ. മാരായ ശ്രീജിത്ത്, ആന്സന്, സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് ബൈക്കില്‍
തൃശ്ശൂര്‍: എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ പലയിടത്തും പണം കൊണ്ടുപോകുന്നത് ബൈക്കില്‍. ധനകാര്യസ്ഥാപനങ്ങളില്‍ ഗണ്മാന് ആയി ജോലിചെയ്യുന്നവരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഗണ്മാന് സെക്യൂരിറ്റി ഗാര്‍ഡ്സ് കേരളയാണ് ഇതുള്‍പ്പെടെ നിരവധി സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതിനല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിക്ക് ഈ പരാതി നടപടിക്കായി സമര്‍പ്പിക്കുകയായിരുന്നു.
നഗരങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാനുള്ള എളുപ്പവഴി എന്ന രീതിയിലാണ് ഈ രീതി പിന്തുടര്ന്നിരുന്നത്. മിഷിനുകളില്‍ പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങളില്‍ പലപ്പോഴും ഗണ്മാന്മാര് ഉണ്ടാകാറില്ല .
Content Highlights: thrissur puthukkad atm robbery case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..