വീട്ടിൽ പരിശോധന നടത്തുന്ന പോലീസും ഫൊറൻസിക് സംഘവും(ഇടത്ത്) മരിച്ച സഫീന(വലത്ത്) | ഫോട്ടോ: കെ.എൻ.നിഭേഷ്
പന്നിത്തടം: പന്നിത്തടം ചിറമനേങ്ങാട് റോഡിന് സമീപം ഇരുനില വീടിന്റെ ബാൽക്കണിയിൽ യുവതിയേയും രണ്ടു പിഞ്ചുമക്കളേയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവില വളപ്പിൽ വീട്ടിൽ സഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്. യു.എ.ഇ.യിൽ ജോലിചെയ്യുന്ന ഹാരിസാണ് സഫീനയുടെ ഭർത്താവ്. കുട്ടികളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സഫീന സ്വയം തീകൊളുത്തിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഒന്നാംനിലയിലെ കിടപ്പുമുറിയിൽ സഫീനയും മൂന്നും മക്കളും കിടന്നുറങ്ങിയത്. പള്ളിക്കുളത്തുള്ള ബന്ധുവീട്ടിൽ ഭർതൃമാതാവിനൊപ്പം കല്യാണത്തിൽ പങ്കെടുത്ത് അർദ്ധരാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. പുലർച്ചെ ഉറക്കത്തിൽനിന്ന് ഉണർന്ന മൂത്ത മകൾ ആറുവയസ്സുകാരി ആയിന മാതാവിനെയും സഹോദരങ്ങളേയും കാണാതായതിനെ തുടർന്ന് പരിഭ്രമിച്ചു.
തിരഞ്ഞു നടന്ന് കുട്ടി താഴെ നിലയിൽ ഫാരിസിന്റെ മാതാവിന്റെ അടുത്തെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂവരുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ചിട്ട നിലയിലായിരുന്നു. എന്നാൽ, കിടപ്പുമുറിയിൽനിന്ന് താഴേക്കുള്ള വാതിൽ തുറന്ന നിലയിലും ലൈറ്റുകളും ഫാനും ഓൺ ചെയ്ത നിലയിലും ആയിരുന്നു.
ബാൽക്കണിക്ക് താഴെനിന്ന് മണ്ണെണ്ണയുടെ അംശമുള്ള രണ്ടു പ്ലാസ്റ്റിക് കുപ്പികളും കുപ്പികൾ വെച്ചിരുന്ന പ്ലാസ്റ്റിക് കവറും കണ്ടെത്തിയിട്ടുണ്ട്. ബാൽക്കണിക്ക് സമീപത്തെ മരത്തിലെ ഇലകൾ തീയിൽ കരിഞ്ഞ നിലയിലാണ്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്‍റെ കുടുംബവും ഈ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ, സംഭവസമയത്ത് സഫീനയും മൂന്നു മക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആറു മാസം മുൻപാണ് ഹാരിസ് നാട്ടിലെത്തി മടങ്ങിയത്. കേച്ചേരി തൂവാനൂർ പുളിച്ചാരൻ വീട്ടിൽ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന.
ഉണര്‍ന്നയുടന്‍ ഉമ്മയെയും സഹോദരങ്ങളെയും തിരക്കി ആറുവയസ്സുകാരി ആയിന
പന്നിത്തടം: ഉമ്മയും രണ്ട് പിഞ്ചുകുട്ടികളും വെന്തുമരിച്ച ദാരുണവാർത്ത കേട്ടാണ് ഞായറാഴ്ച രാവിലെ പന്നിത്തടം ഉണർന്നത്. രാത്രി ഒപ്പം കിടന്നുറങ്ങിയ ഉമ്മയും സഹോദരങ്ങളും ഇനി ഒപ്പമില്ലെന്ന് മനസ്സിലാക്കാൻ ആറുവയസ്സുകാരിയായ ആയിനയ്ക്ക് കഴിഞ്ഞിട്ടില്ല. രാവിലെ ഉണർന്നയുടൻ കട്ടിലിൽ ഉമ്മയെയും സഹോദരങ്ങളെയും കാണാതായപ്പോൾ ഉടൻ ഒന്നാം നിലയിൽനിന്നും താഴെയെത്തി ഉപ്പയുടെ ഉമ്മയോട് അവരെ തിരക്കി. അവർ എവിടെയും പോയിട്ടുണ്ടാകില്ലെന്ന് ആശ്വസിപ്പിച്ചെങ്കിലും ഉമ്മയെ കാണാൻ ആയിന തിരക്കുകൂട്ടിക്കൊണ്ടിരുന്നു.
ഉറക്കമുണർന്നാൽ ആയിനയ്ക്ക് പുറത്തുപോകാൻ കിടപ്പുമുറിയുടെ വാതിൽ സഫീന തുറന്നിട്ടിരുന്നു. ഫാനും ലൈറ്റും ഓൺചെയ്ത നിലയിലായിരുന്നു. കിടപ്പുമുറിയിൽ തീ കത്തിയതിന്റെയോ മറ്റോ ലക്ഷണങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. പള്ളിക്കുളത്ത് താമസിച്ചിരുന്ന ഹാരിസും സഹോദരനും കുടുംബവും മാതാവിനൊപ്പം ഏഴുവർഷം മുൻപാണ് ഇവിടേക്ക് താമസം മാറിയത്. വളരെ നിശ്ശബ്ദയായ ആളായിരുന്നു സഫീനയെന്ന് നാട്ടുകാർ പറഞ്ഞു. താമസം തുടങ്ങിയതിനുശേഷം വീട്ടിൽനിന്ന് തർക്കങ്ങളോ മറ്റ് കലഹങ്ങളോ കേട്ടിട്ടില്ലെന്ന് അയൽവാസികളും ജനപ്രതിനിധികളും പറയുന്നു. മരണവാർത്ത കേട്ട് ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രമുഖരുമടക്കം ഒട്ടേറെപ്പേർ സംഭവസ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: thrissur pannithadam woman and children death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..