അങ്ങാടിപ്പുറത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മനോഹരന്റെ കാർ. ഇൻസെറ്റിൽ കൊല്ലപ്പെട്ട മനോഹരനും അറസ്റ്റിലായ പ്രതികളും | ഫയൽചിത്രം | മാതൃഭൂമി
തൃശ്ശൂര്‍: കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പെട്രോള്‍ പമ്പ് ഉടമയായ കോഴിപ്പറമ്പില്‍ മനോഹരന്‍(68) കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പില്‍ അനസ് (20), വഴിയമ്പലം കുറ്റിക്കാടന്‍ സ്റ്റിയോ (20), കയ്പമംഗലം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ (21) എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഏപ്രില്‍ 17-ന് വിധിക്കും.
2019 ഒക്ടോബര്‍ 15-നാണ് കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലേദിവസം അര്‍ധരാത്രി പമ്പില്‍നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് 15-ന് രാവിലെ ഗുരുവായൂരിലെ റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്. മനോഹരന്റെ കാര്‍ പിന്നീട് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.
സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. പമ്പില്‍നിന്ന് മടങ്ങിയ മനോഹരന്റെ കൈവശം ധാരാളം പണമുണ്ടാകുമെന്ന് കരുതിയാണ് മൂന്നംഗസംഘം കൃത്യം ആസൂത്രണം ചെയ്തതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തിയത്.
കയ്പമംഗലത്തുള്ള പെട്രോള്‍ പമ്പില്‍നിന്ന് വീട്ടിലേക്ക് കാറില്‍ പോകും വഴിയാണ് ബൈക്കിലെത്തിയ സംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. പെട്രോള്‍ പമ്പിലെ വരുമാനം അപഹരിക്കുകയായിരുന്നു ലക്ഷ്യം. ഒന്നാംപ്രതി അനസ് ആയിരുന്നു പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍.
ഒക്ടോബര്‍ 12-ന് രാത്രി വൈകി മൂവരും ഇതിന്റെ റിഹേഴ്‌സല്‍ നടത്തി. ഒക്ടോബര്‍ 13-ന് അര്‍ധരാത്രി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മനോഹരനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടര്‍ന്നാണ് 14-ന് അര്‍ധരാത്രി കഴിഞ്ഞ് പദ്ധതി നടപ്പാക്കിയത്.
ഹൈവേയില്‍നിന്ന് മനോഹരന്റെ കാര്‍ ഇടവഴിയിലേക്ക് കയറിയപ്പോള്‍ പ്രതികള്‍ പിന്നില്‍ ബൈക്ക് ഇടിപ്പിച്ചു. അനസ് ബൈക്കില്‍നിന്ന് വീണതുപോലെ നിലത്ത് കിടന്നു. വിവരം തിരക്കി കാറില്‍നിന്ന് ഇറങ്ങിയ മനോഹരനെ അനസും സ്റ്റിയോയും അന്‍സാറും കൂടി പെട്ടെന്ന് വട്ടംപിടിച്ചു. തുടര്‍ന്ന് മനോഹരന്റെ വായ പൊത്തി കൈകള്‍ പുറകില്‍ കെട്ടി കാറിന്റെ പിന്‍സീറ്റിലേക്ക് തള്ളിയിട്ടു. പിന്നീട് കാറില്‍ എറണാകുളം ഭാഗത്തേക്ക് പോയി. കാറില്‍വെച്ച് പണം ആവശ്യപ്പെട്ട് മര്‍ദിച്ചു. മനോഹരന്റെ പോക്കറ്റില്‍ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
പമ്പിലെ പണം തന്റെ പക്കലില്ലെന്ന് മനോഹരന്‍ പറഞ്ഞെങ്കിലും പ്രതികള്‍ വിശ്വസിച്ചില്ല. വീണ്ടും മര്‍ദിക്കുകയും കളിത്തോക്ക് പൊട്ടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ശബ്ദം പുറത്തുവരാതിരിക്കാന്‍ വായും മൂക്കും സെലോ ടേപ്പൊട്ടിച്ച് മുറുക്കിയടച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് പറവൂരിനടുത്തെത്തിയപ്പോഴാണ് മനോഹരന്‍ മരിച്ചത്. പരിഭ്രാന്തരായ പ്രതികള്‍ മൃതദേഹം കായലിലോ കടലിലോ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പറവൂര്‍, കളമശ്ശേരി, ചാലക്കുടി, ചാവക്കാട് മേഖലയില്‍ കാറില്‍ കറങ്ങി. പിന്നീടാണ് ഗുരുവായൂരിനടുത്ത് പഴയ കെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ചത്.
മനോഹരനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുലര്‍ച്ചെ ഗുരുവായൂരിനു സമീപം മൃതദേഹം കണ്ടെത്തിയത്. മമ്മിയൂരില്‍നിന്ന് കാറുമായി കടന്ന പ്രതികള്‍ നമ്പര്‍പ്ലേറ്റ് നീക്കിയ ശേഷം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയിട്ടു. കാര്‍ പൊളിച്ചുവില്‍ക്കുന്ന സംഘത്തിന് നല്‍കാനായിരുന്നു പദ്ധതി. സംഭവത്തിന് ശേഷം പെരുമ്പിലാവ് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടെ പ്രതികളിലൊരാളുടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പോലീസ് മൂവരെയും പിടികൂടുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍.കെ. ഉണ്ണികൃഷ്ണന്‍ ഹാജരായി.
Content Highlights: thrissur kaipamangalam petrol pump owner murder case verdict


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..