അറസ്റ്റിലായ നിസ, നൗഫിയ
തൃശ്ശൂര്‍: ഹണിട്രാപ്പില്‍ കുടുക്കി ഡോക്ടറില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വിദേശത്തുനിന്നു വിളിച്ച പുരുഷനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. അറസ്റ്റിലായ രണ്ട് യുവതികള്‍ക്ക് പുറമേ, ഹണിട്രാപ്പ് കേസില്‍ ഇയാള്‍ക്കും പ്രധാന പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് വിദേശത്തുനിന്ന് നിരന്തരം വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതും ഇയാളാണ്. എന്നാല്‍ ഇയാളുടെ പേര് മാത്രമാണ് അറസ്റ്റിലായ യുവതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികളെ കൂടുതല്‍ ചോദ്യംചെയ്ത് വിശദമായ അന്വേഷണം നടത്തുന്നതോടെ തട്ടിപ്പ് ആസൂത്രണം ചെയ്ത പുരുഷനെ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.
വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ കായംകുളം സ്വദേശിനി നിസ(29) മണ്ണുത്തി സ്വദേശിനി നൗഫിയ(27) എന്നിവരാണ് കഴിഞ്ഞദിവസം തൃശ്ശൂരില്‍ പിടിയിലായത്. ഡോക്ടര്‍ക്ക് വാട്‌സാപ്പില്‍ നിരന്തരം സന്ദേശങ്ങളയക്കുകയും, പിന്നീട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണി.
മണ്ണുത്തി സ്വദേശിയായ നൗഫിയയാണ് ഡോക്ടര്‍ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇവര്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. പിന്നാലെ വിദേശത്തുനിന്നുള്ള ഒരു നമ്പരില്‍നിന്ന് ഒരു പുരുഷനും ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടര്‍ അയച്ച സന്ദേശങ്ങളെല്ലാം യുവതി ഇയാള്‍ക്ക് നല്‍കിയിരുന്നു. വിദേശത്തുനിന്നുള്ളയാള്‍ ഈ സന്ദേശങ്ങളെല്ലാം ഡോക്ടര്‍ക്ക് അയച്ചുനല്‍കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
20 ലക്ഷം രൂപയാണ് പ്രതികള്‍ ഡോക്ടറില്‍നിന്ന് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഇത് മൂന്നുലക്ഷമായി ഉറപ്പിച്ചു. ഭീഷണി തുടര്‍ന്നതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് തന്ത്രപൂര്‍വം കെണിയൊരുക്കി യുവതികളെ പിടികൂടുകയായിരുന്നു.
പണം നല്‍കാമെന്ന വ്യാജേനയാണ് പോലീസ് പ്രതികളെ വിളിച്ചുവരുത്തിയത്. ഇതനുസരിച്ച് പോലീസ് തയ്യാറാക്കിയ കെണിയില്‍ പ്രതികള്‍ വീണു. പണം വാങ്ങാനെത്തിയ നിസയെയാണ് പോലീസ് ആദ്യം പിടികൂടിയത്. പിന്നാലെ മണ്ണുത്തി സ്വദേശി നൗഫിയയും പിടിയിലായി.
ബെംഗളൂരുവിലാണ് ജോലിചെയ്യുന്നതെന്നും അവിടെനിന്നാണ് തൃശ്ശൂരിലേക്ക് പണം വാങ്ങാനെത്തിയതെന്നുമാണ് നിസ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട പുരുഷന്റെ നിര്‍ദേശപ്രകാരമാണ് തൃശ്ശൂരില്‍ പണം വാങ്ങാനെത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഡോക്ടറെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചതെന്നും യുവതികള്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന പുരുഷന്റെ പേര് മാത്രമാണ് യുവതികള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി പ്രതികള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിവരികയാണെന്നും അറസ്റ്റിലായ രണ്ട് യുവതികള്‍ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.
എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എസ്.ഐ. കെ.സി. ബൈജു, സീനിയര്‍ സി.പി.ഒ. ഷൈജ, പ്രിയ, സി.പി.ഒ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: thrissur honey trap case police investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..