തൃശ്ശൂർ സിറ്റി പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: facebook.com/thrissurcitypolice
തൃശ്ശൂര്‍: പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ ബൈക്ക് തകരാറിലായ യുവാവിനെ സഹായിക്കാനാണ് പോലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്. എന്നാല്‍ സഹായിക്കാനിറങ്ങിയ പോലീസുകാരെ കണ്ടതോടെ യുവാവ് പരുങ്ങി. ബൈക്കില്‍ താക്കോല്‍ ഇല്ലാത്തതും പോലീസുകാര്‍ ശ്രദ്ധിച്ചു. ഒടുവില്‍ യുവാവിനെ ചോദ്യംചെയ്തതോടെയാണ് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുകയാണെന്ന് വ്യക്തമായത്. കണ്മുന്നില് വന്നുപ്പെട്ട കള്ളനെ പോലീസുകാര്‍ കൈയോടെ പൊക്കുകയും ചെയ്തു.
കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരം സ്വദേശി അമല്‍രാജ്(27) ആണ് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ പോലീസുകാരുടെ മുന്നില്‍പ്പെട്ടത്. യാത്രയ്ക്കിടെ ബൈക്ക് നിന്നുപോവുകയായിരുന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കി യാത്ര തുടരാനുള്ള ശ്രമത്തിനിടെയാണ് രാത്രി പട്രോളിങ്ങിനിറങ്ങിയ ഈസ്റ്റ് പോലീസ് എസ്.ഐ. സുനില്‍കുമാറും സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ബിനുവും എച്ച്. മുഹമ്മദ് റാഫിയും അതുവഴിയെത്തിയത്. ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ട് വാഹനം നിര്‍ത്തിയ പോലീസ് സംഘം യുവാവിനെ സഹായിക്കാമെന്ന് കരുതി. കാര്യം തിരക്കിയ പോലീസുകാര്‍ ആദ്യം കിക്കര്‍ അടിച്ച് സ്റ്റാര്‍ട്ട് ചെയ്യാനും ശ്രമിച്ചു. ഇതിനിടെയാണ് ബൈക്കില്‍ താക്കോല്‍ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചത്. ബൈക്കിന്റെ താക്കോല്‍ എവിടെപ്പോയെന്ന് പോലീസുകാര്‍ ചോദിച്ചപ്പോള്‍ കളഞ്ഞുപോയെന്നായിരുന്നു യുവാവിന്റെ മറുപടി. ബൈക്ക് താന്‍ ശരിയാക്കാമെന്നും സാര്‍ പൊയ്ക്കോളൂ എന്നും യുവാവ് പറഞ്ഞു. ബൈക്കിലെ ചില ഇലക്ട്രിക്കല്‍ വയറുകള്‍ വിച്ഛേദിച്ചിരിക്കുന്നതും പോലീസുകാര്‍ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ പോലീസുകാര്‍ യുവാവിന്റെ പേരും വിലാസവും ചോദിച്ചറിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നും കണ്മുന്നിലുള്ളത് കള്ളനാണെന്നും പോലീസുകാര്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് പ്രതിയെ പോലീസ് കൈയോടെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കൊക്കാലയിലെ ഒരു സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് അമല്‍രാജ് പുലര്‍ച്ചെ മോഷ്ടിച്ചത്. ബൈക്ക് മോഷ്ടാവിനെ പിടികൂടിയ പോലീസ് സംഘത്തെ സിറ്റി പോലീസ് കമ്മിഷണര്‍ അഭിനന്ദിച്ചു. സംഭവത്തെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്...
സമയം പുലര്‍ച്ചെ ഒരു മണി.
നഗരത്തിലെ ഇടവഴികളിലൂടെ നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവര്‍.
വെളിയനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ ഒരു യുവാവ് ബൈക്കുമായി റോഡരികില്‍ നില്ക്കുന്നതു കണ്ടു. നിരവധി തവണ അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ മൂലം വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ ബുദ്ധിമുട്ടുന്നതുപോലെ പോലീസുദ്യോഗസ്ഥര്‍ക്കു തോന്നി.പോലീസുദ്യോഗസ്ഥര്‍ അയാളുടെ അടുത്തെത്തി, സ്റ്റാര്‍ട്ടു ചെയ്യാന്‍ എന്താണ് പ്രശ്നമെന്നു ചോദിച്ചു.
ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്. അയാള്‍ മറുപടി പറഞ്ഞു.
പോലീസുദ്യോഗസ്ഥര്‍ അയാളെ സഹായിക്കാനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. വേണ്ട സര്, ഞാന്‍ ബൈക്ക് ശരിയാക്കിക്കൊള്ളാം. സര് പോയ്കോളൂ. അയാള്‍ പോലീസുദ്യോഗസ്ഥരോട് പറഞ്ഞു.
അപ്പോഴാണ്, അയാള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ബൈക്കിന്റെ താക്കോല്‍ ഇല്ലാത്തത് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇതിന്റെ താക്കോലെവിടെ ?
അയാള്‍ പരിഭ്രമിച്ചു. അത് കളഞ്ഞു പോയി സര്.ബൈക്കിന്റെ ഇലക്ടിക്കല്‍ ഭാഗത്തേക്കുള്ള വയറുകള്‍ വിഛേദിച്ചിരിക്കുന്നത് പോലീസുദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പോലീസുദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി, അയാളോട് പേരും, വിലാസവും മറ്റു വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. അയാളുടെ കൈവശമുണ്ടായിരുന്ന രേഖകളും പരിശോധിച്ചു.
അയാള്‍ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പോലീസുദ്യോഗസ്ഥര്‍, മൊബൈല്‍ ഫോണ്‍ വഴി ബൈക്ക് ഉടമസ്ഥന്റെ പേരും വിലാസവും ശേഖരിച്ചു. സംശയം തോന്നി, അയാളെ വിശദമായ ചോദ്യം ചെയ്തപ്പോള്‍ അത് മോഷ്ടിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞു.
കൊക്കാലെയിലുള്ള സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കോതപറമ്പ് കോലാട്ട് അമല്‍രാജ് (27) ആണ് പിടിയിലായത്. പാണഞ്ചേരി സ്വദേശിയുടേതാണ് ബൈക്ക്.
ഇയാള്‍ക്കെതിരെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..