ധനവ്യവസായബാങ്ക് ഉടമ ജോയിയും ഭാര്യ റാണിയും(ഇടത്ത്) ഉടമകളുടെ വീടിനു മുന്നിൽ നിക്ഷേപകർ നടത്തിയ പ്രതിഷേധം(വലത്ത്)
തൃശ്ശൂര്‍: 200 കോടി തട്ടിച്ച് ഉടമകള്‍ മുങ്ങിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത്. പോസ്റ്റ് ഓഫീസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകളുടെ പരിശോധനയ്ക്കിടയില്‍ ലഭിച്ചത് വിപുലമായ പട്ടികയാണ്. കോടികള്‍ നിക്ഷേപിച്ചവരില്‍ ഉന്നതരാഷ്ട്രീയക്കാര്‍ മുതല്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ വരെയുണ്ട്.
പത്തു ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള തുകകളാണ് ഓരോരുത്തരും നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും കടകളില്‍ ജോലിക്കുനില്‍ക്കുന്നവരും തുടങ്ങി രണ്ടു മുതല്‍ അഞ്ചു വരെ ലക്ഷം ഉള്ളവരുമുണ്ട്.
15 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം നല്‍കിയതെന്ന് രശീതിലുണ്ട്. ആറുമാസ കാലാവധിക്ക് നിക്ഷേപിച്ചവരാണ് പലരും. വടൂക്കര സ്വദേശിയായ പി.ഡി. ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിനു പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികള്‍.
അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പില്‍ പണം തിരികെക്കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ പാപ്പരായെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് നേടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയിലുണ്ട്.
ഇതിനിടയില്‍ പരാതിക്കാരെ സമ്മര്‍ദത്തിലാക്കി പിന്‍വലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ തുക കിട്ടിയേക്കില്ലെന്നും അതേസമയം ഏതെങ്കിലും വിധത്തിലൂടെ പണം സമാഹരിച്ച് തുക നല്‍കാമെന്നുമടക്കമുള്ള സഹായങ്ങളാണ് നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു.
നിക്ഷേപകര്‍ വീടിനു മുന്നില്‍ പ്രതിഷേധിച്ചു
തൃശ്ശൂര്‍: 200 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ ധനവ്യവസായ ബാങ്ക് ഉടമകളുടെ വീടിനു മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച 11.30-നാണ് വടൂക്കര- അരണാട്ടുകര റോഡിലെ പാണഞ്ചേരി വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. സ്ഥാപന ചെയര്മാന് േജായ് ഡി. പാണഞ്ചേരിയുടെയും മാനേജിങ് പാര്‍ട്ണര്‍ ഭാര്യ കൊച്ചുറാണിയുടെയും വീടാണിത്.
50 നിക്ഷേപകര്‍ വീടിന്റെ ഗേറ്റില്‍ ബാനര്‍ തൂക്കി. കൊണ്ടുവന്ന റീത്തും ഗേറ്റിന് മുന്നില്‍വെച്ചു. പ്രതിഷേധം അറിഞ്ഞെത്തിയ പോലീസ് റീത്ത് നിര്‍ബന്ധിച്ച് എടുത്തുമാറ്റിച്ചു.
ബാനറും നീക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, പ്രതിഷേധക്കാര്‍ ഇതിന് തയ്യാറായില്ല.
പ്രശ്നങ്ങളുണ്ടാക്കിയാല്‍ എല്ലാവരുടെയും പേരില്‍ കേസെടുക്കുമെന്ന് പോലീസ് താക്കീത് നല്കി. പ്രതിഷേധക്കാരുടെ പേരും മേല്‍വിലാസവും എടുത്താണ് പോലീസ് മടങ്ങിയത്.
തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ േപാലീസ് ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തില്‍ ഓഹരിനിക്ഷേപമുള്ള അഭിഭാഷകന്റെ അടുത്ത ബന്ധുവാണ് തൃശ്ശൂര്‍ നഗരത്തിലെ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നും അതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ടായിരുന്നു.
പ്രതികളെ പിടികൂടിയശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപിച്ചിരുന്നു. ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: thrissur dhanavyavasaya bank fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..