കൊലപാതകം നടന്ന സ്ഥലവും ജിതിൻകുമാർ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ചിരുന്ന കാറും. ഇൻസെറ്റിൽ പ്രതി വേലപ്പൻ
ചേര്‍പ്പ്(തൃശ്ശൂര്‍): പല്ലിശ്ശേരിയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ പ്രതി പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) കോടതി റിമാന്‍ഡ് ചെയ്തു. കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി ഊരകം മയമ്പിള്ളി ക്ഷേത്രക്കുളം പരിസരത്തുനിന്ന് പോലീസ് കണ്ടെടുത്തു. പല്ലിശ്ശേരി അമ്പലത്തിനു സമീപം പനങ്ങാടന്‍ ചാത്തപ്പന്റെ മകന് ചന്ദ്രന് (62), മകന് ജിതിന്‍കുമാര്‍ (32) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്, വീട്ടിലേക്ക് പോകുന്ന ഭാഗത്തെ വഴിയില്‍ കാര്‍ നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. കാറിന്റെ ഉടമയും ഒപ്പമുണ്ടായി.
ഈ സമയം, മദ്യപിച്ച് സമീപത്തെ വഴിയിലൂടെ പോവുകയായിരുന്ന പ്രതി, ഇവിടേക്ക് എത്തി റോഡില്‍ കാര്‍ ഇട്ടത് ചോദ്യംചെയ്തു. ഇത് വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് ജിതിന് അച്ഛനെ ഫോണ്‍വിളിച്ച് വിവരം അറിയിച്ചു. അച്ഛനും അനുജന് ഗോകുലും സ്ഥലത്ത് എത്തിയശേഷവും പ്രതിയുമായി തര്‍ക്കമുണ്ടായി.
ഇതോടെ വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന് രണ്ടുപേരെയും കുത്തുകയായിരുന്നു. ആദ്യം ജിതിന്റെ നെഞ്ചിനു മുകളിലാണ് കുത്തിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ചന്ദ്രന്റെ പുറത്ത് കുത്തിയത്.
ഇതിനുശഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി, ഊരകം മയമ്പിള്ളി ക്ഷേത്രക്കുളത്തിനു സമീപം കത്തി ഉപേക്ഷിക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.
2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രി വരാന്തയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പന്. അടിപിടി, മോഷണം ഉള്‍പ്പെടെ ഏഴ് കേസുകള്‍ വേറെയും ഇയാളുടെ പേരിലുണ്ട്. കൊലക്കേസില്‍ വേലപ്പനെ കോടതി വെറുതേ വിട്ടിരുന്നു. 2014-നു ശേഷം 2021-ലാണ് വേലപ്പന്റെ പേരില്‍ കേസ് ഉണ്ടാകുന്നത്. മദ്യപിച്ച് പതിവായി ശല്യംചെയ്തതിന് നാട്ടുകാര്‍ നല്കിയ പരാതിയിലും വീടുകയറി ഭീഷണിപ്പെടുത്തിയതിനും കേസ് എടുത്തിരുന്നു.
ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു, എസ്.ഐ. ജെ. ജെയ്സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. സയന്റിഫിക് ഓഫീസര്‍ ബി. മഹേഷിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
ഒപ്പമുണ്ടായെങ്കിലും ഒന്നും ചെയ്യാനാവാതെ
പല്ലിശ്ശേരിയില്‍ കുത്തേറ്റ് മരിച്ച അച്ഛനും മകനും കാല് മണിക്കൂറോളം റോഡില്‍ ചോരവാര്‍ന്ന് കിടന്നത് ആരുമറിഞ്ഞില്ല. ഒപ്പം സഹോദരനും കാറിന്റെ ഉടമയും ഉണ്ടായെങ്കിലും ഇവര്‍ക്ക് ഭയം കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
കാറിന്റെ ഉടമ അക്രമം കണ്ട് ഭയന്നോടി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ഇയാള്‍ പറഞ്ഞു. ശേഷം, നാട്ടുകാരുടെ സഹായത്തോടെ ചേര്‍പ്പില്‍നിന്ന് ആംബുലന്‍സ് എത്തിച്ചാണ് ഇവരെ കൊണ്ടുപോയത്. പരിക്കേറ്റ പ്രിയപ്പെട്ടവരെയുംകൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സില്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബം ഉണ്ടായിരുന്നു
പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുങ്ങവേ മരണം
പുതുതായി പണിത വീട്ടിലേക്ക് താമസം മാറാന്‍ ഇരിക്കവേയാണ് ജിതിന് കുമാറിന്റെ മരണം. വല്ലച്ചിറ സ്കൂളിനു സമീപം വീടിന്റെ പണി പുരോഗമിക്കുകയാണ്. അടുത്ത മാസം താമസം മാറാവുന്ന വിധമായിരുന്നു ഒരുക്കങ്ങള്‍ നടന്നിരുന്നത്. കണിമംഗലത്തുനിന്നും നാലുകൊല്ലം മുമ്പാണ് ഈ കുടുംബം പല്ലിശ്ശേരിയിലേക്ക് മാറിയത്.
തൃശ്ശൂരിലെ ഇലക്ട്രോണിക്സ് കടയില്‍ ജോലിക്കാരനായ ജിതിന് ജോലി കഴിഞ്ഞുള്ള സമയത്തും ഒഴിവുദിവസങ്ങളിലും വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ജോലികള്‍ ചെയ്യാറുണ്ട്. റോഡില്‍ കാറ് ഇട്ടത് ആ റോഡിലെ താമസക്കാരന് അല്ലാത്ത ഒരാള്‍ ചോദ്യംചെയ്തതിന്റെ കാരണം ജിതിന് വ്യക്തമായില്ല. പ്രതി ആ പ്രദേശത്തുള്ള ആളാണെങ്കിലും ഇയാള്‍ കൊലപാതകം അടക്കം വിവിധ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നും കുടുംബം അറിഞ്ഞിരുന്നില്ല.
Content Highlights: thrissur cherppu murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..