പ്രതി മയൂർനാഥിനെ ചൊവ്വാഴ്ച അവണൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
മുളങ്കുന്നത്തുകാവ്: അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മരണത്തിനിടയാക്കിയ വിഷപദാര്‍ഥത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അറസ്റ്റിലായ മകന്‍ മയൂര്‍നാഥുമായി ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പിലാണ് ഇത് കിട്ടിയത്.
ഓണ്‍ലൈനില്‍ വാങ്ങിയ വിഷം പരീക്ഷണശാലയില്‍ മറ്റു മിശ്രിതങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് മയൂര്‍നാഥ് കടലക്കറിയില്‍ കലക്കിയതെന്ന് പോലീസ് പറഞ്ഞു. മൂന്നുതരം മിശ്രിതങ്ങളാണ് ഉപയോഗിച്ചത്.
മണത്തിലും രുചിയിലും വ്യത്യാസമില്ലാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഞായറാഴ്ച രാവിലെ ശശീന്ദ്രനായി എടുത്തുവച്ച കറിയിലാണ് മകന്‍ വിഷം കലര്‍ത്തിയത്. അച്ഛനോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നുവെങ്കിലും ഇയാള്‍ ചായ മാത്രം കുടിച്ചെഴുന്നേല്‍ക്കുകയായിരുന്നു. ശശീന്ദ്രന്‍ കഴിച്ചതിന്റെ ബാക്കി വന്ന കടലക്കറി ഭാര്യ ഗീത ശേഷിച്ച കറിയുമായി കൂട്ടിച്ചേര്‍ത്തു. ഇതില്‍നിന്നാണ് തേങ്ങയിടാന്‍ വന്ന തൊഴിലാളികള്‍ക്കും കൊടുത്തുവിട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ തെളിവെടുപ്പിന് മയൂര്‍നാഥിനെ എത്തിച്ച പോലീസ്സംഘം വീട്ടിലെ ഭക്ഷണഹാളിലും മുകളിലത്തെ നിലയിലെ മുറിയിലും തെളിവെടുത്തു. മുകളിലെ ലാബില്‍ മിശ്രിതം തയ്യാറാക്കിയ രീതി മയൂര്‍നാഥ് പോലീസിന് വിവരിച്ചുകൊടുത്തു. എന്നാല്‍, പ്രതി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ശരിയാകണമെന്നില്ലെന്നും വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും എ.സി.പി. കെ.കെ. സജീവന്‍ പറഞ്ഞു.
ചികിത്സയിലുള്ള നാലുപേരും അപകടനില തരണംചെയ്തിട്ടുണ്ട്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, തെങ്ങുകയറാന്‍ വന്ന ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് വിവിധ ആശുപത്രികളിലുള്ളത്. എസ്.എച്ച്.ഒ. ജോയ്, എസ്.ഐ.മാരായ ബിജു, മഹേഷ്, പോലീസ് സര്‍ജന്‍ ഡോ. ഉന്മേഷ്, വിരലടയാള വിദഗ്ധന്‍ രാമദാസ്, ഫോറന്‍സിക് വിദഗ്ധന്‍ ബി. മഹേഷ്, ആയുര്‍വേദ ഡോക്ടര്‍ ഡോ. ജിഷ എന്നിവരാണ് തെളിവെടുപ്പിന് പോലീസിനോടൊപ്പമുണ്ടായിരുന്നത്.
തൃശ്ശൂര്‍: അച്ഛന്റെ സഹോദരിമാരും ബന്ധുക്കളും നാട്ടുകാരും നോക്കിനില്‍ക്കേ, തെളിവെടുപ്പിനായി സ്വന്തം വീട്ടിലെത്തിച്ചപ്പോള്‍ മയൂര്‍നാഥിന് ഭാവ വ്യത്യാസമൊന്നുമുണ്ടായില്ല. പോലീസുമായും അന്വേഷണവുമായും ഒരു മടിയുമില്ലാതെ സഹകരിച്ചു. വിയ്യൂരിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിച്ച മയൂര്‍ നാഥിനെ ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവന്നത്.
ഉത്സവക്കമ്മിറ്റി ഭാരവാഹിയും പരോപകാരിയുമായിരുന്ന ശശീന്ദ്രന്‍ നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു. പൂര്‍വവിദ്യാര്‍ഥിസംഗമമുള്‍പ്പെടെ എല്ലാ കൂട്ടായ്മകള്‍ക്കും മുന്നില്‍നില്‍ക്കുന്നയാള്‍. എന്നാല്‍, നേര്‍വിപരീതമായിരുന്നു മയൂരിന്റെ പ്രകൃതം. വീടിനു തൊട്ടുമുന്നിലെ അമ്പലമൈതാനത്ത് അയല്‍പക്കത്തെ കുട്ടികള്‍ കളിക്കുന്‌പോഴും മയൂര്‍ അതില്‍ ചേരില്ല. നാട്ടിലെ സമപ്രായക്കാരുമായും സൗഹൃദമില്ല. സ്‌കൂള്‍ക്കാലം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. വീടിന് തൊട്ടടുത്തുള്ള ഗ്രാമീണവായനശാലയാണ് പുറംലോകവുമായി ആകെയുള്ള ബന്ധം. കുറച്ചു മുതിര്‍ന്നപ്പോള്‍ ആത്മീയപുസ്തകങ്ങളിലും പഠനങ്ങളിലും തത്പരനായെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, കോളേജില്‍ മയൂരിന് സൗഹൃദങ്ങളുണ്ടായിരുന്നു. ഇടയ്ക്ക് വന്‍തോതില്‍ സാധനങ്ങള്‍ വരുത്തിച്ച് മരുന്നുനിര്‍മാണം തുടങ്ങിയപ്പോള്‍ അച്ഛനുമായി ചെറിയ അസ്വാരസ്യമുണ്ടായി.
വീട്ടില്‍നിന്ന് താമസം മാറ്റിയ മയൂര്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. അമ്മയില്ലാത്ത കുട്ടിയെന്ന നിലയില്‍ അച്ഛമ്മയും മറ്റ് ബന്ധുക്കളും വലിയ പരിഗണനയാണ് മയൂരിന് നല്‍കിയിരുന്നത്. മയൂരിന്റെ ഒരാവശ്യത്തിനും അച്ഛന്‍ എതിരു നില്‍ക്കാറില്ലെന്നും മറ്റാരെയും ശാസിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് മയൂരിന് കുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം മകന് പാല്‍ കൊടുക്കാന്‍വേണ്ടി ശശീന്ദ്രന്‍ വന്‍വില നല്‍കി കാസര്‍കോട് കുള്ളന്‍ ഇനത്തിലുള്ള രണ്ട് പശുക്കളെ വാങ്ങി വളര്‍ത്തി. ഗീതയാണ് ഇവയെ പരിപാലിച്ചിരുന്നത്. ആറാം ക്ലാസിലെ അവധിക്കാലത്താണ് മയൂരിന് അമ്മ ബിന്ദുവിനെ നഷ്ടപ്പെടുന്നത്. അമ്മയുടെ ആത്മഹത്യയും അതിനുമുമ്പ് നടത്തിയ ചികിത്സയും അച്ഛനോടുള്ള തെറ്റിദ്ധാരണയായി മയൂരിന്റെ മനസ്സില്‍ അടിഞ്ഞുകിടന്നു. ഈ പകയാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. .
മകന്‍ പോയതറിയാതെ കമലാക്ഷി
ശശീന്ദ്രന്റെ അമ്മ കമലാക്ഷിയെ അമല ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍നിന്ന് ചൊവ്വാഴ്ച മുറിയിലേക്ക് മാറ്റി. കുടുംബത്തിലുണ്ടായ അത്യാഹിതമോ വാവയെന്ന് വിളിക്കുന്ന പേരക്കുട്ടിയാണ് അതിനൊക്കെ കാരണമായതെന്നോ 90-കാരിയായ കമലാക്ഷി അറിഞ്ഞിട്ടില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മൂത്തമകന് വൃക്കരോഗം വന്നപ്പോള്‍ സ്വന്തം വൃക്ക നല്‍കി രക്ഷിച്ചിരുന്നു ഈ അമ്മ. എന്നാല്‍, ആറു വര്‍ഷത്തിനുശേഷം വീണ്ടും രോഗബാധിതനായി ആ മകന്‍ മരിച്ചു.
Content Highlights: thrissur, avanur, saseendran murder case son poisons father


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..