പ്രതീകാത്മക ചിത്രം | മാതൃഭൂമി
കാക്കനാട്/കോലഞ്ചേരി: തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ന്യൂറോ സര്‍ജിക്കല്‍ ഐ.സി.യു.വിലാണ്.
കാക്കനാട് തെങ്ങോട് വാടകയ്ക്ക് താമസിക്കുന്ന 38-കാരിയുടെ മകളെയാണ് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാല്‍ മുതിര്‍ന്ന ആരോ മനപ്പൂര്‍വം ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍, കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് അമ്മ പറയുന്നത്. തൃക്കാക്കര സി.ഐ. ആര്. ഷാബുവിന്റെ നേതൃത്വത്തില്‍ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സ്വയം ചെയ്തതാണെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ദേഹത്തെ മുറിവുകളുടെ പഴക്കം പരിഗണിച്ച് ചികിത്സ വൈകിപ്പിച്ചെന്ന സംശയത്തില്‍ അമ്മയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ നില ഗുരുതരമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 72 മണിക്കൂര്‍ കഴിഞ്ഞാലേ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമോ എന്നു പറയാനാകൂ എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കുന്ന ഡോ. വര്‍ഗീസ് എബ്രഹാം പറഞ്ഞു.
സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തല മുതല്‍ കാല് വരെ പല രീതിയിലുള്ള വളരെയധികം മുറിവുകളുണ്ട്. തലയ്ക്കകത്ത് മുറിവുണ്ടെന്നാണ് പ്രഥമ പരിശോധനയില്‍ മനസ്സിലാകുന്നത്. ഇടതു കൈക്ക് കൈപ്പത്തിക്കു മുകളിലും മുട്ടിനടുത്തുമായി രണ്ടിടത്ത് ഒടിവുണ്ട്. ശരീരത്തില്‍ പലയിടത്തും പൊള്ളലുണ്ട്. ചില മുറിവുകള്‍ പഴക്കമുള്ളതും ചിലത് അടുത്ത ദിവസങ്ങളിലുള്ളതുമാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെ പഴങ്ങനാട്ടെ ആശുപത്രിയില്‍നിന്ന് കുട്ടിയെ ഇവിടെ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുട്ടിയെ എത്തിച്ചത്.
തെങ്ങോടുള്ള വീട്ടില്‍ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഭര്‍ത്താവ്, ഇവരുടെ 12 വയസ്സുള്ള മകന് എന്നിവരോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടി അപസ്മാരം വന്ന് വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നാണ് ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലില്‍ കുട്ടിക്ക് ബാധ കേറിയതാണെന്നും മുകളില്‍നിന്ന് സ്വയം എടുത്ത് ചാടുകയും മുറിവേല്‍പ്പിക്കുകയുമായിരുന്നെന്ന് തിരുത്തിപ്പറഞ്ഞു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈക്ക് പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞു.
കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചതാണെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണ്. കുട്ടിക്കൊപ്പം താമസിച്ച ബന്ധുക്കളെ ചോദ്യം ചെയ്യാനായി വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഒരു മാസം മുമ്പ് ഇവിടെ താമസം തുടങ്ങിയ ഈ കുടുംബത്തെ കുറിച്ച് പ്രദേശവാസികള്‍ക്കും കാര്യമായ വിവരമില്ല.
ആകെ ദുരൂഹം; ചുരുളഴിക്കാനാവാതെ പോലീസ്
കാക്കനാട്: മൂന്നു വയസ്സുകാരിക്ക് ദേഹമാസകലം ഗുരുതര പരിക്കേറ്റ സംഭവത്തിലെ വാസ്തവം കണ്ടെത്താനാവാതെ വട്ടംകറങ്ങി തൃക്കാക്കര പോലീസ്. ബന്ധുക്കളുടെ പരസ്പരവിരുദ്ധമായ മൊഴികളും സാഹചര്യത്തെളിവുകളുടെ അഭാവവുമാണ് സംഭവത്തെ ദുരൂഹതയുടെ നിഴലില്‍ നിര്‍ത്തുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ നട്ടെല്ലിനുള്‍പ്പെടെ പരിക്കുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാണെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. മൂന്നുവയസ്സു മാത്രമുള്ള കുട്ടിക്ക് നട്ടെല്ലിനും മറ്റും സ്വയം മുറിവുണ്ടാക്കാനാവുമോ എന്നാണ് പോലീസിന്റെ ചോദ്യം. ദിവസങ്ങളോളം പഴക്കമുള്ള മുറിവുകള്‍ കുട്ടിയുടെ ദേഹത്തുണ്ടെന്നാണ് വിവരം. ഇതിനിടെ ഇവര്‍ ഒരു മാസം മുമ്പ് തെങ്ങോട് വാടക വീടെടുത്തതു സംബന്ധിച്ചും ദുരൂഹതകളുണ്ട്. കുട്ടിയുടെ ബന്ധുവാണ് മൂന്നുനില കെട്ടിടത്തിന്റെ മുകള്‍നിലയിലെ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തിരുന്നത്.
താനും ഭാര്യയും മൂന്നു വയസ്സായ കുട്ടിയും കാനഡയ്ക്ക് പോകുമെന്നും അമ്മയ്ക്കും സഹോദരിക്കും 12 വയസ്സുള്ള കുട്ടിക്കും താമസിക്കാനാണെന്നും പറഞ്ഞാണ് വീടെടുത്തത്. പുതുവൈപ്പ് സ്വദേശിയായ ഇയാള്‍ സൈബര്‍ സെല്‍ ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നത്. വിദേശത്ത് നല്ല ജോലി ലഭിച്ചതിനാല്‍ ഇവിടത്തെ ജോലി രാജിവെച്ചെന്നും പറഞ്ഞു. കുട്ടിയുമായുള്ള ഇയാളുടെ ബന്ധത്തെ കുറിച്ചും വ്യക്തതയില്ല. നേരത്തെ മൂന്നു മാസത്തോളം പള്ളിക്കരയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ജനല്‍ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കുകയായിരുന്നുവെന്ന് പള്ളിക്കരയിലെ വീട്ടുടമ പറഞ്ഞതായി കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റ് ഉടമ പറഞ്ഞു.
പരിക്ക് അതീവഗുരുതരമെന്ന് ശിശുക്ഷേമ സമിതി
തൃക്കാക്കര : മൂന്നു വയസ്സുകാരിയുടെ പരിക്ക് അതീവ ഗുരുതരമെന്ന് ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍ കെ.എസ്. അരുണ്‍കുമാര്‍. കുട്ടിയെ പ്രവേശിപ്പിച്ച കോലഞ്ചേരി മെഡിക്കല്‍ കോേളജില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞ അരുണ്‍കുമാര്‍ തൃക്കാക്കരയില്‍ ഇവര്‍ താമസിച്ചിടത്തും അയല്‍വാസികളുടെ അടുത്തും എത്തി വിവരങ്ങള്‍ ശേഖരിച്ചു.
കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസ് ഇന്െസ്പക്ടറോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Content Highlights: Three-year-old put on ventilator support following alleged torture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..