Image for Representation
ജയ്പുര്‍: രാജസ്ഥാനില്‍ പീഡനശ്രമം ചെറുത്ത മൂന്നുവയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നു. ലക്ഷ്മിപുര ഗ്രാമത്തിലെ ഒരു വിവാഹവീട്ടിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭില്‍വാര കൃഷ്ണപുര സ്വദേശിയായ രമേശ് ധക്കാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി വിവാഹവീടിന് സമീപത്തുള്ള സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍, കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് ചെറുത്തതോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ജഹാസ്പുര് സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് കഴിഞ്ഞദിവസം ലക്ഷ്മിപുരയില്‍ എത്തിയത്. പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടി രമേശിനൊപ്പം കളിച്ചിരുന്നത് കണ്ടതായി ചിലര്‍ വിവരം നല്കി. ഇതോടെ രമേശിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ലക്ഷ്മിപുരയില്നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ഒരുസംഘം കൃഷ്ണപുരയിലേക്ക് പോവുകയും രമേശിനെ കൈയോടെ പിടികൂടുകയുമായിരുന്നു.
ലക്ഷ്മിപുരയില്‍ എത്തിച്ച ഇയാള്‍ പെണ്‍കുട്ടി കിണറിന് സമീപം കളിച്ചിരുന്നത് കണ്ടെന്നാണ് ആദ്യം പറഞ്ഞത്. ഇതോടെ പോലീസിനെയും സിവില്‍ ഡിഫന്‍സ് സംഘത്തെയും വിവരമറിയിച്ചു. തുടര്‍ന്ന് കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രമേശിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പീഡനശ്രമം ചെറുത്തതോടെ ഇയാള്‍ പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കരുതുന്നതെന്നും പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കുട്ടി പീഡനത്തിനിരയായോ എന്നകാര്യം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
അതേസമയം, പ്രതിക്കെതിരേ ഗൗരവതരമായ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതി മറ്റൊരു ആണ്‍കുട്ടിക്ക് നേരേയും ലൈംഗികാതിക്രമം നടത്തിയതായാണ് ഇവരുടെ പരാതി. ആണ്‍കുട്ടിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ച രമേശ്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ചു. കുട്ടി കരഞ്ഞതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Content Highlights: three year old girl killed in rajasthan after resisting rape attempt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..