.
ഷിക്കാഗോ: യു.എസില്‍ മൂന്നുവയസ്സുള്ള മകനില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസുള്ള ഡീജ ബെനറ്റാണ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മകന്റെ വെടിയേറ്റ് മരിച്ചത്.
മാര്‍ച്ച് 12 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അച്ഛനും അമ്മയും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ അമ്മയും പാസഞ്ചര്‍ സീറ്റില്‍ അച്ഛനും കയറിയിരുന്ന് വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകിലെ സീറ്റിലിരുന്നിരുന്ന മൂന്നുവയസുകാരന്‍, കൈയില്‍ കിട്ടിയ തോക്ക് എടുത്തു കളിക്കുന്നതിനിടയിലാണ് വെടിയുതിര്‍ത്തത്.
പുറകില്‍ വെടിയേറ്റ അമ്മയെ ഉടനെ ഷിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന അച്ഛന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റെയാണെന്ന് അച്ഛന്‍ സമ്മതിച്ചു.
സംഭവത്തില്‍ അച്ഛന്റെ പേരില്‍ കേസെടുക്കുമെന്ന് ഡോള്‍ട്ടണ്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍ കാറില്‍ സൂക്ഷിക്കുന്നതിനാവശ്യമായ (കണ്‍സീല്‍ഡ്കാരി പെര്‍മിറ്റ്) അനുമതി ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതൊരു ദുഃഖകരമായ സംഭവമാണെന്നും ഡോള്‍ട്ടണ്‍ പോലീസ് ചീഫ് പറഞ്ഞു.
2020-ല്‍ പതിനെട്ടുവയസിനു താഴെയുള്ള കുട്ടികള്‍ മനഃപൂര്‍വമല്ലാതെ വെടിയുതിര്‍ത്ത സംഭവങ്ങളില്‍ 142 പേര്‍ മരിക്കുകയും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 ല്‍ 154 പേര്‍ കൊല്ലപ്പെടുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
Content Highlights: three year old boy fatally shot his mother in usa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..