പോലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം | Photo: twitter.com/adyou_ilu
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നാട്ടുകാരെ വിറപ്പിച്ച 'സീരിയല്‍ കില്ലര്‍'ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ആറുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് സംഘം പരമ്പര കൊലയാളിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. അതിനിടെ, ഞായറാഴ്ച മുതല്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ബാരാബങ്കിയില്‍ അടുത്തിടെ മൂന്ന് പ്രായമേറിയ സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ മൂന്നുപേരെയും കൊലപ്പെടുത്തിയത് ഒരാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സീരിയല്‍ കില്ലറായ ഇയാളുടെ ചിത്രവും പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രായമേറിയ സ്ത്രീകളാണ് ബാരാബങ്കിയിലെ സീരിയല്‍ കില്ലറുടെ ലക്ഷ്യം. ഡിസംബര്‍ ആറാം തീയതി ഖുഷേതി ഗ്രാമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതാണ് ആദ്യത്തെ സംഭവം. ഡിസംബര്‍ 17-ാം തീയതി ബാരാബങ്കിയില്‍ രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഡിസംബര്‍ 29-നാണ് മൂന്നാമത്തെ സ്ത്രീ കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തുപോയ സ്ത്രീയെയാണ് പിന്നീട് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വിവസ്ത്രയായനിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെട്ട സ്ത്രീകളെല്ലാം 50 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെയെല്ലാം കൊലപ്പെടുത്തിയിരിക്കുന്നത് ഒരേരീതിയിലാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സീരിയല്‍ കില്ലറുടെ ചിത്രം പോലീസ് പുറത്തുവിട്ടത്. പോലീസ് സംഘം വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും പ്രതി പോലീസിനെ കബളിപ്പിച്ച് മുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: three woman killed in uttar pradesh police searching for serial killer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..