അഭിരാം, അബിൻ,അനുലക്ഷ്മി
കൊച്ചി: 122 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയടക്കം മൂന്നുപേരെ നോര്‍ത്ത് പോലീസ് പിടികൂടി. ഇടുക്കി, ആനച്ചാല്‍, വെല്ലിയം കുന്നേല്‍ അഭിരാം (20), ഇടുക്കി വെള്ളയം തന്റടിയില്‍ അബിന്‍ (18) ഇടുക്കി, അടിമാലി, പാറയില്‍ അനുലക്ഷ്മി (18) എന്നിവരാണ് പിടിയിലായത്.
കലൂര്‍ ആസാദ് റോഡ്, ലിബര്‍ട്ടി ലെയ്‌നിനു സമീപത്തെ വീട്ടില്‍നിന്ന്, നോര്‍ത്ത് പോലീസും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കേസുകൾ മൂന്നിരട്ടിയായി;പുതുവത്സര പാർട്ടികൾക്ക് കർശന നിയന്ത്രണം
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നു കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതോടെ, പുതുവത്സര പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ച് ഏജന്‍സികള്‍. ഹോട്ടലുകളിലും മറ്റും ഡി.ജെ.പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം നവംബര്‍വരെ 2,477 മയക്കുമരുന്നു കേസുകളാണ് സിറ്റി പരിധിയിലെ സ്റ്റേഷനുകളില്‍ പിടിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 910 കേസുകള്‍ ഉണ്ടായിരുന്നിടത്താണിത്. ക്രിസ്മസ്-പുതുവത്സര പാര്‍ട്ടികളില്‍ വ്യാപകമായി രാസലഹരി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് നിയന്ത്രണം കടുപ്പിച്ചത്. പോലീസ്, എക്‌സൈസ്, കസ്റ്റംസ്, ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങി കേന്ദ്ര-സംസ്ഥാന ഏജസികള്‍ ചേര്‍ന്നാകും പരിശോധന നടത്തുക.
പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിട്ടേ പാര്‍ട്ടികളിലേയ്ക്ക് പ്രവേശനം നല്‍കാവൂ. പാര്‍ട്ടി നടക്കുന്നിടത്തൊക്കെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലുകളിലും ലോഡ്ജുകളിലും സംയുക്ത പരിശോധന നടത്താനും വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. ഇന്റലിജന്‍സ് ബ്യൂറോയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും പരിശോധനകള്‍ക്ക് പിന്തുണ നല്‍കും.
ലഹരിക്കെതിരേ ബോധവത്കരണവും കാമ്പയിനും മുറപോലെ നടക്കുമ്പോളും കൊച്ചിയിലും പരിസരങ്ങളിലും ലഹരിക്കേസുകള്‍ കൂടിവരികയാണ്. കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി സിറ്റി പോലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. 23 സ്റ്റേഷന്‍ പരിധികളിലായി 59 ബ്ലാക്ക് സ്പോട്ടുകളാണ് സിറ്റിയിലുള്ളത്. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലുമാണ് കൂടുതല്‍.
പാര്‍ട്ടികള്‍ ലഹരിമുക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരും അവതരിപ്പിക്കുന്നവരും ചേര്‍ന്ന് സംഘടന തുടങ്ങാനുള്ള നീക്കവും അന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പിന്തുണയോടെ രാജ്യത്ത് ആദ്യമായി 'അസോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്‌സ് ആന്‍ഡ് പെര്‍ഫോമേഴ്സ് (എ.ഒ.പി.)'എന്ന സംഘടന രൂപവത്കരിച്ചുള്ള പ്രവര്‍ത്തനവും ഏജന്‍സികള്‍ തുടങ്ങിയിരുന്നു.
Content Highlights: Three arrested with MDMA: Drug cases triple in Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..