മെബിൻ,സഞ്ജുനാ രാജൻ, കാസിം
തൃശ്ശൂര്‍: എം.ഡി.എം.എ.യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്പില്‍ സഞ്ജുനാ രാജന് (28), പൂത്തോള്‍ തേറാട്ടില്‍ മെബിന് (29), ചേറൂര് പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
വാടാനപ്പള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയാണ് സഞ്ജുന. ബാംഗ്ലൂരില്‍ ഇടയ്ക്കിടെ പോയിവരുന്ന ഇവര്‍ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരില്‍ മെബിന് ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടത്തിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവര്‍ നിരവധിതവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.
മയക്കുമരുന്നുമായി ബാംഗ്ലൂരില്‍നിന്ന് തൃശ്ശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ സഹിതം തൃശ്ശൂര്‍ കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാല്‍കുമാറും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ രണ്ടുലക്ഷത്തിലധികം രൂപ വിലവരും.
ഈസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഗീതുമോള്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ജിനികുമാര്‍, ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന്, വിപിന്‍ദാസ്, ലിഗേഷ്, സുജിത് കുമാര്‍, ശരത് തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..